ക്രിസ്റ്റിയാനോ റയലിലേക്കില്ല: മാഞ്ചസ്റ്റര്‍

Webdunia
ഞായര്‍, 5 ഏപ്രില്‍ 2009 (16:11 IST)
മാഞ്ചസ്റ്റര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊയെ സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് വല വീശുന്നെന്ന വാര്‍ത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തള്ളി. 2012 വരെയാണ് ക്രിസ്റ്റിയാനോയ്ക്ക് മാഞ്ചസ്റ്ററുമായി കരാറുള്ളത്. അതുകൊണ്ടു തന്നെ സമീപഭാവിയിലെങ്ങും ക്രിസ്റ്റിയാനോ തങ്ങളെ ഉപേക്ഷിക്കില്ലെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി.

ക്രിസ്റ്റിയാനോയ്ക്ക് റയല്‍ 75 മില്യന്‍ പൌണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഓള്‍ഡ് ട്രഫോര്‍ഡില്‍നിന്ന് ബെര്‍ണ്ണബ്യൂവിലെക്ക് ചേക്കേറാന്‍ ക്രിസ്റ്റിയാനോയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ക്രിസ്റ്റിയാനോ റയലിലേക്ക് ഉടന്‍ ചേക്കേറുമെന്ന് തന്നെയാണ് മാധ്യമങ്ങളും സൂചിപ്പിക്കുന്നത്. ക്ലബ്ബ് അധികൃതര്‍ ക്രിസ്റ്റിയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഫലത്തെക്കുറിച്ചും കരാറിലെ വ്യവസ്ഥകളെക്കുറിച്ചും ക്രിസ്റ്റിയുമായി ധാരണയിലെത്തിയതായും പത്രം പറയുന്നു.

2008 ലെ മികച്ച ഫുട്ബോളറായി ഫിഫ തെരഞ്ഞെടുത്തത് ക്രിസ്റ്റിയെ ആയിരുന്നു. ഈ സീസണില്‍ പതിനെട്ട് ഗോളുകളാണ് യുണൈറ്റഡിന് വേണ്ടി ക്രിസ്റ്റിയാനോ നേടിയത്. പോര്‍ച്ചുഗല്‍ ദേശീയ താരമായ ക്രിസ്റ്റി മൊത്തം 110 ഗോളുകള്‍ യുണൈറ്റഡിന് വേണ്ടി നേടിയിട്ടുണ്ട്.