കൊച്ചിയിലെത്തുമോ മെസ്സി?

Webdunia
ശനി, 14 ജനുവരി 2012 (18:42 IST)
PRO
PRO
കാല്‍പ്പന്തുകളിയുടെ രാജകുമാരന്‍ ലയണല്‍ മെസ്സി വീണ്ടും ഇന്ത്യയിലെത്താന്‍ സാധ്യത. ഒരു സൌഹൃദ മത്സരത്തിനായി മെസ്സിയുടെ ബാഴ്സലോണ ഇന്ത്യയില്‍ എത്താന്‍ കളമൊരുങ്ങുന്നു. വേദിയായി പരിഗണിക്കുന്നവയില്‍ കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയവും.

സമീപ മാസങ്ങളില്‍ത്തന്നെ ബാഴ്സലോണയുടെ ഫുട്ബോള്‍ മികവ് ഇന്ത്യന്‍ ആരാധാകര്‍ക്ക് കാണാനാകും എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ബാഴ്സലോണയുമായി ഒരു ഇന്ത്യന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് കമ്പനി അന്തിമചര്‍ച്ച നടത്തുമെന്നാണ് സൂചന. മേയിലോ ജൂണിലോ ബാഴ്സലോണയുടെ സൌഹൃദമത്സരം ഇന്ത്യയില്‍ സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന കാര്യത്തില്‍ ബാഴ്സലോണ അനുകൂലമായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് ബ്യൂണസ് ഐറസിലെ വീ ആര്‍ ഫുട്ബോള്‍ എന്ന കള്‍സള്‍ട്ടിംഗ് ഗൂപ്പിന്റെ സി ഇ ഒ ലുഗോ പറഞ്ഞു. ഇതുസംബന്ധിച്ച് അന്തിമതീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് കരുതുന്നതായും ലുഗോ പറഞ്ഞു. ദേശീയ ടീമായ അര്‍ജന്റീനയെ കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയിലെത്തിക്കുന്നതിന് പ്രധാന പങ്കുവഹിച്ച കമ്പനിയാണ് വീ ആര്‍ ഫുട്ബോള്‍.

ബാഴ്സലോണയ്ക്ക് പുറമെ മറ്റ് വിദേശ ക്ലബുകളേയും മത്സരങ്ങള്‍ക്കായി ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ആലോചനയുണ്ടെന്ന് പ്രൊമോട്ടേഴ്സ് ആയ ക്ഷേത്രിയര്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പറഞ്ഞു. ബാഴ്സലോണയുടെ മത്സരത്തിനുള്ള വേദിയായി മുംബൈ, ബാംഗ്ലൂര്‍, കൊച്ചി എന്നിവടങ്ങളെയാണ് പരിഗണിക്കുന്നതെന്നും ക്ഷേത്രിയര്‍ സ്പോര്‍ട്സ് മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്‍ക്കത്തയില്‍ വച്ച് അര്‍ജന്റീനയും വെനസ്വേലയും തമ്മില്‍ സൌഹൃദ മത്സരം നടന്നിരുന്നു. ഇന്ത്യയില്‍ ഫിഫയുടെ അംഗീകാരത്തോടെ നടന്ന ആദ്യ രാജ്യാന്തരമത്സരത്തില്‍ മെസ്സിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ അര്‍ജന്റീന വെനസ്വേലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ഒരു വിദേശ ഫുട്ബോള്‍ ക്ലബ് മത്സരത്തിനിറങ്ങിയിരുന്നു. ഇന്ത്യയുമായുള്ള സൌഹൃദ മത്സരത്തിനായി ബയണ്‍ മ്യൂണിക്കാണ് കളിക്കളത്തിലിറങ്ങിയത്. മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബയണ്‍ മ്യൂണിക്ക് ഇന്ത്യയെ പരാജയപ്പെടുത്തി ഇന്ത്യക്ക് ഏറ്റവുമധികം വിജയങ്ങള്‍ നേടിക്കൊടുത്ത ബൈചുങ് ബൂട്ടിയയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു ഇത്.