ഇന്ത്യ നന്നാവണമെങ്കില്‍ നിരന്തരം മത്സരിക്കണം, ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് വിം കോവര്‍മാന്‍സിന്റെ വാക്കുകളാണിത്. ഫെബ്രുവരി ആറിന് കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ-പലസ്തീന്‍ പ്രദര്‍ശ മത്സരത്തിന്റെ ഒരുക്കങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഫുട്ബോള്‍ ടീം ശക്തമാകണമെങ്കില്‍ നിരന്തരം പ്രദര്‍ശന മത്സരങ്ങളില്‍ പങ്കെടുക്കണം. തന്റെ പരിശ്രമവും അതിനുവേണ്ടിയാണ്.
ഈ വര്‍ഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുഖച്ഛായതന്നെ മാറ്റും. അതിനായി പ്രദര്‍ശനമത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്ക് കൂടുതല്‍ പരിശീലനവും സൌകര്യങ്ങളും നല്കിയാല്‍ ടീം ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഫുട്ബോള്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ഒതുങ്ങുകയാണ്. ഇന്ത്യയൊട്ടാകെ ഫുട്ബോള്‍ കൂടുതല്‍ ജനകീയമാക്കാന്‍ നടപടികള്‍ ആവിഷ്കരിക്കണം. മത്സരത്തിനാവേശം പകരണമെങ്കില്‍ കാണികളുടെ സജീവ പങ്കാളിത്തം വേണം. കൊച്ചിയില്‍ തിങ്ങിനിറഞ്ഞ ഗാലറിയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ആറിന് വൈകുന്നേരം ആറിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റേഡിയത്തിലാണ് മത്സരം. ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കയിലെ ഇസ്ളാമിക രാജ്യങ്ങളിലും കളിക്കുന്ന നിരവധി ഇന്റര്‍നാഷണല്‍ താരങ്ങള്‍ അടങ്ങുന്നതാണ് പാലസ്തീന്‍ ടീം. പലസ്തീന്‍ ടീം ഫിഫ റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ നാലുപടി മുന്നിലാണ്.