കാട്ടില്‍ നിന്ന് പുലിയിറങ്ങിയ വാര്‍ത്ത അറിഞ്ഞാലുടന്‍ പുലി വരുന്നേ...പുലിവരുന്നേ എന്ന് നാട്ടുകൂട്ടം വിളിച്ചു കൂവാറുണ്ടായിരുന്നു. അതുകൊണ്ടെന്താ പുലിയെ കണ്ടില്ലേങ്കിലും വാര്‍ത്ത അതിവേഗത്തില്‍ നാടാകെ പരക്കുന്നതുകൊണ്ട് നാട്ടുകാരുടെ ഉള്ള ജീവന്‍ ‘കൈയ്യിലിരിക്കുമായിരുന്നു’!
ഇപ്പോള്‍, മന്ത്രി വരുന്നേ ഓടിക്കോ....എന്ന് വിളിച്ചു പറയാന്‍ ആളുണ്ടായിരുന്നു എങ്കില്‍ എന്ന് കേരള ജനത ആശിച്ചു വശാവുന്നു. ജീവനിലുള്ള കൊതിമൂലം ആശിച്ചു പോവുന്നതാണേ...കാരണം, കേരളം ‘ഇടിച്ചു വാഴാനാണ്’ ഇപ്പോഴത്തെ മന്ത്രിമാരുടെ ആശ. മന്ത്രിയുടെ വാഹനവും അകമ്പടി വാഹനവും നെഞ്ച് റോഡാക്കി യമപുരി പൂകാതിരിക്കാന്‍ എന്താണ് വഴിയെന്ന് ദൈവത്തിന്‍റെ സ്വന്തം (അതോ രാഷ്ട്രീയക്കാരുടെയോ) നാട്ടുകാര്‍ ആലോചിച്ചു തുടങ്ങുന്നതാവും നല്ലത്.
രാജാക്കന്‍മാരുടെ രഥം പോയ വഴിയില്‍ ഇങ്ങനെയൊക്കെ അപകടമുണ്ടായിരുന്നില്ല എന്നാണ് ചരിത്രകാരന്‍മാര്‍ കോറിയിട്ടിരിക്കുന്നത് (എവിടെയാണോ ആവോ?). ഇതു പറഞ്ഞാല്‍ പണ്ടുള്ളവര്‍ സമ്മതിക്കില്ല. കാരണം രാജാവിന്‍റെ രഥം വഴി( വീഥി)യിലിറങ്ങിയാല്‍ പിന്നെ സാധാരണക്കാരുടെ ‘പൊടിപോലും കാണില്ല കണ്ടുപിടിക്കാന്‍’ എന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നത് എന്ന് അവര്‍ വാദിക്കുമെന്ന് ഉറപ്പ്.
ജനായത്തത്തിന്‍റെ ഒരു കൊഴപ്പമേ, മന്ത്രിമാര്‍ അത്യാവശ്യത്തിനു പായുമ്പോള്‍ വഴിയിലറങ്ങി തട്ടിത്തിരിഞ്ഞു നില്‍ക്കാന്‍ പാടുണ്ടോ? ഇല്ല, ഒരിക്കലും അങ്ങനെ ചെയ്യരുത്, ചെയ്താ നേരത്തെ ‘വിസ’ ലഭിച്ചൂന്നങ്ങ് കരുതുക; അത്രതന്നെ! ഇതിനൊക്കെ കൊച്ചീകൂടെ കടന്നു പോയ മന്ത്രിയുടെ പരിപാടി തന്നെ ചെയ്യണം, നിശ്ചലമാക്കണം. ആദ്യം ട്രാഫിക് വിളക്ക് പിന്നെ ഗതാഗതം!
സുനാമിക്ക് മുന്നറിയിപ്പ്, പകര്‍ച്ച വ്യാധിക്ക് മുന്നറിയിപ്പ് ഇങ്ങനെ മുന്നറിയിപ്പുകളുടെ ഒരു നിരതന്നെ നിലവിലുണ്ട്. എന്നാല്‍, ‘അരച വാഹിനി’ തറയിലുമല്ല തട്ടേലുമല്ല എന്ന രീതിയില്‍ പറന്നു വരുന്നതിന് മുന്നറിയിപ്പ് സംവിധാനം കണ്ടു പിടിച്ചിട്ടില്ല. ഇതൊരന്യായം തന്നെ. ഇടിച്ചിട്ടാ തിരിഞ്ഞു നോക്കില്ല...ചത്താല്‍ 5000 എന്നതാണ് ഇപ്പോഴത്തെ മാര്‍ക്കറ്റ് നില! അതത്രപോരാന്നാണ് നാട്ടുകാരുടെ കുശുകുശുപ്പ്.
പണ്ട് നാടുവാണ് പിന്നെ ‘കുടുംബ ദ്രോഹിയായി’ പിന്നെയും ലാവണത്തിലെത്തിയ ആ ‘നരച്ച അദ്യം’ ഈ പറപ്പൊക്കെ പറന്നതാണെന്ന് ഗുരുവായൂര്‍-തിരുവനന്തപുരം ബോര്‍ഡു വച്ച ബന്‍സ് കാര്‍ സാക്‍ഷ്യപ്പെടുത്തും. അമിതവേഗം (രാഷ്ട്രീയത്തില്‍) ആപത്താണെന്ന് അദ്ദേഹത്തോടോ ‘അതിവേഗം ബഹുദൂരം’ പാഞ്ഞ അദ്ദേഹത്തിന്‍റെ ശതുവിനോടോ ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍! എങ്കിലെന്താ, സുഖമായി റോഡിലൂടെ നടക്കാമായിരുന്നു.