ഞെരമ്പന്‍‌മാരുടെ സ്വന്തം നാട്

വെള്ളി, 4 ജനുവരി 2008 (17:54 IST)
WDDIVISH
പാവം സായിപ്പ്. ദൈവത്തിന്‍റെ സ്വന്തം നാടാണെന്നാണെന്ന് അവര്‍ ഈ നാടിന് പേരിട്ടിരിക്കുന്നത്. ഏതായാലും പുതുവര്‍ഷം ആഘോഷിച്ച വിദേശവനിതകള്‍ക്ക് ദൈവത്തിന്‍റെ നാട്ടിലെ പുന്നാര മക്കളുടെ സ്വഭാവം മനസ്സിലായി.

ശരിക്കും പറഞ്ഞാല്‍ ഈ ഞെരമ്പന്‍‌മാര്‍ ഈ നാടിന് നല്‍കുന്ന പ്രശസ്തി ഒരു പരസ്യ ഏജന്‍സിക്കും നല്‍കുവാന്‍ കഴിയില്ല. ഇവര്‍ സമത്വസുന്ദര ലോകത്തിനായി പരിശ്രമിക്കുന്നവരാണ്. പീഡിപ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് അമ്മ, പെങ്ങള്‍ വ്യത്യാസങ്ങളില്ല. ഇതൊക്കെ കണ്ടിട്ട് എല്ലാവര്‍ക്കും കലി ഇളകുന്നുണ്ട്. പക്ഷെ, എന്തു ചെയ്യാം.

അറബി നാടുകളെ മാതൃകയാക്കി ഇവരുടെ കൈയ്യോ കാലോ വെട്ടിക്കളഞ്ഞാല്‍ വികലാംഗ പെന്‍ഷന്‍ കൊടുത്ത് സര്‍ക്കാര്‍ തുലയും. ഭിക്ഷക്കാരില്‍ നിന്ന് കടം വാങ്ങുവാന്‍ വല്ല വഴിയുണ്ടോയെന്ന് സര്‍ക്കാര്‍ നോക്കി നടക്കുമ്പോള്‍ ഇങ്ങനെയൊരു ബാദ്ധ്യത ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയില്ല.

സ്വന്തം പൌരുഷം തെളിയിക്കേണ്ടത് പീഡനത്തിലൂടെയാണെന്ന ധാരണയും ഈ ഞെരമ്പന്‍‌മാര്‍ വിചാരിച്ചിരിക്കുന്നു. ബസ്സുകളില്‍, പാര്‍ക്കുകളില്‍ എന്നു വേണ്ട പെണ്ണുങ്ങള്‍ ഉള്ള എവിടെയും ഈ ഞെരമ്പന്‍‌മാരുടെ സേവനം ലഭ്യമാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സേഫ്‌റ്റി പിന്നുകള്‍ വാങ്ങുന്നത് കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. ബസ്സുകളില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നുകള്‍ പെണ്‍കുട്ടികള്‍ക്ക് വളരെ അധികം ഉപകാരമാണ് ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ ഇവ ‘സേഫ്റ്റി പിന്നുകളാ‘ണ്. അങ്ങനെ നോക്കുമ്പോള്‍ സേഫ്റ്റി പിന്‍ വ്യവസായത്തിന് ജാക്കിച്ചാന്‍‌മാര്‍ വളരെ വലിയ സഹായമാണ് നല്‍കുന്നത്.

ഈ ജാക്കിച്ചാന്‍‌മാ‍രില്‍ നിന്ന് പൂര്‍ണ്ണ സുരക്ഷ വേണമെങ്കില്‍ ‘ജാക്കിപ്രൂഫ്‘ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ ധരിക്കേണ്ടി വരും. ബീച്ചിലൊ പാര്‍ക്കിലൊ ഏതെങ്കിലും പെണ്‍കുട്ടി ഒറ്റക്ക് ഇരിക്കുന്നത് കണ്ടാല്‍ ജാക്കിച്ചാന്‍ ഹൃദയം അലിയും. ഉത്തരവാദിത്വമുള്ള ഒരു പുരുഷനെന്ന നിലയില്‍ ഉടന്‍ തന്നെ അങ്ങോട്ട് സംരക്ഷണം നല്‍കുവാന്‍ പോകും.

പഞ്ചാര വര്‍ത്തമാനം 10 മിനിറ്റുനുള്ളില്‍ തീരും കാരണം അത്രക്ക് അധികമാണ് ആക്രാന്തം. ഉടന്‍ തന്നെ ചോദിക്കും:‘നമ്മള്‍ക്ക് വേണമെങ്കില്‍ മുറിയെടുക്കാം’. ചങ്കൂറ്റമുള്ള പെണ്‍കുട്ടിയാണെങ്കില്‍ മെതിയടി കൊണ്ട് മുഖത്ത് ഒരു അടയാളം പതിപ്പിക്കും. ഞെരമ്പന്‍ ഇഞ്ചി കടിച്ച കുരങ്ങന്‍റെ പോലെ എഴുന്നേറ്റ് പോകും.

സഹ ഞെരമ്പന്‍‌മാര്‍ കാര്യം ചോദിക്കുകയാണെങ്കില്‍ ഇപ്രകാരം പറയും:‘അവള്‍ ഹോട്ടലില്‍ മുറിയെടുക്കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ദ്വേഷ്യത്തോടെ അവള്‍ എന്നെ അടിച്ചു. പെണ്ണായതു കൊണ്ട് ഞാന്‍ വെറുതെ വിട്ടു’. ഇത് കേള്‍ക്കേണ്ട താമസം സഹഞെരമ്പന്‍‌മാരില്‍ ഒരുവന്‍ പറയും:‘ശരിയായിയിരിക്കും. കഴിഞ്ഞ ആഴ്ചയില്‍ എനിക്ക് ഇതു പോലെ ഒരു അനുഭവമുണ്ടായി’. തുടര്‍ന്ന് ഇവര്‍ കോറസാ‍യി പറയും:‘എല്ലാ പെണ്ണുങ്ങളും പിഴയാണ്’.

സാംസ്കാരിക തലസ്ഥാനമാണ് തൃശൂര്‍. സാംസ്‌കാരികരുടെ വിശ്വരൂപം കാണുവാന്‍ കഴിയുക തൃശൂര്‍ പൂരത്തിനാണ്. സാംസ്‌കാരിക ഞെരമ്പന്‍‌മാരുടെ സ്വഭാവം അറിയുന്ന ഒറ്റ സ്‌ത്രീജനങ്ങളും തൃശൂര്‍ പൂരത്തിന് പോകുകയില്ല. ഇതൊന്നും അറിയാതെ മറ്റ് ജില്ലകളില്‍ നിന്ന് വല്ല പെണ്‍കുട്ടികളും വന്നാല്‍ സാംസ്‌കാരിക ഞെരമ്പ് രോഗികള്‍ ചക്കപുഴുക്ക് കണ്ട ആര്‍ത്തിപ്പിള്ളേരെ പോലെ ചാടി വീഴും.

പൊലീസ് ചേട്ടന്‍‌മാര്‍ ഇതെല്ലാം കണ്ട് രസിക്കുമെങ്കിലും യാതൊന്നും ചെയ്യുകയുമില്ല. കാശെടുക്കാതെ കാണാവുന്ന ഒരു നീല അനുഭവമല്ലേയിത്?.

അങ്ങനെ പാറമേക്കാവ്, തിരുവമ്പാടി ദേവികളുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറുന്ന പീഡന പര്‍വ്വം സാംസ്‌കാരിക തലസ്ഥാനത്തിന് പൊന്‍‌ത്തൂവല്‍ ചാര്‍ത്തുന്നു. വടക്കുന്നാഥന്‍റെ മൈതാനത്ത് നടക്കുന്ന ദേവിമാരുടെ പൂരം കാണുവാന്‍ പാവം മങ്കമാര്‍ക്ക് യോഗമില്ല.

വെബ്ദുനിയ വായിക്കുക