ഉത്സവങ്ങള്‍ പലവിധമാണ്. ആചാരപരമായിട്ടുള്ളവും അല്ലാത്തവയും പിന്നെ പാര്‍ട്ടി ഉത്സവങ്ങളും. പാര്‍ട്ടി ഉത്സവമെന്ന് പറഞ്ഞാല്‍ ഒരു ഒന്ന് ഒന്നര ഉത്സവമാണ്...മിക്കവാറും രക്തം കണ്ടേ ഇതിന്‍റെ ആവേശം അടങ്ങാറുള്ളൂ. ബന്ദ് എന്നോ ഹര്‍ത്താല്‍ എന്നോ എന്താണതിനെ വിളിക്കേണ്ടത് എന്ന ഗതികേടിലാണ് ‘പ്രക്ഷുബ്ധ കേരളം’!
ഇക്കഴിഞ്ഞ ഉത്സവത്തില്‍ എല്ലാവരും ഉണ്ടായിരുന്നു. കേരളത്തിലെ നായകന്‍മാരും കേന്ദ്രത്തിലെ പ്രതിപക്ഷ നായകന്‍മാരുമെല്ലാം. ഇവര്‍ വിരിഞ്ഞു നിന്ന് നിരത്തും സാധാരണക്കാരന്‍റെ അവകാശങ്ങളും നടുറോഡില്‍ പൊളിച്ചടുക്കിയപ്പോള്‍ കൊതി തോന്നി! ഇതെഴുതുന്ന കുഞ്ഞാമനല്ല, കേരളത്തിന്‍റെ പ്രതിപക്ഷ നായകന്. അദ്ദ്യവും പറഞ്ഞു ഞങ്ങളും ഇടപെടും.
പെട്രോള്‍ വില വില കൂട്ടിയപ്പോഴേ ‘കുട്ടികളെല്ലാം’ നിരത്തിലറങ്ങി. വില കുറച്ചില്ലേല്‍ വിവരമറിയുമെന്ന് പറഞ്ഞ് വഴിനടന്നവരെ മെക്കിട്ടു കേറി. വഴിനടക്കാനേ പാവങ്ങള്‍ക്ക് യോഗമുണ്ടായുള്ളൂ, വാഹനമോടിക്കാന്‍ സമ്മതമില്ലല്ലോ; പ്രതിഷേധമല്ലേ!
വിലക്കൂട്ടലും കിഴിക്കലും ശഠ ശഠേന്ന് നടന്നു. “ചുണ്ടയ്ക്കാ കാല്‍ പണം ചുമട്ടു കൂലി മുക്കാല്‍ പണ”മെന്ന അതി വിദഗ്ധ ഫോര്‍മുല ഇവിടെയും പ്രാവര്‍ത്തികമാക്കി. ആരാണാവോ ഈ ഫോര്‍മുല ഉണ്ടാക്കിയത്? പണ്ടാരാണ്ടായിരിക്കും! (കുഞ്ഞാമന് എന്നും സംശയം ബാക്കി!). എന്തായാലും സോണിയാമ്മേടെ അനുയായികളെ കളത്തിലിറക്കാതെ ഉത്സവം നടത്തിയ ആശ്വാസത്തിലാണ് ഉത്സവ സംഘാടകര്‍.
അമേരിക്കന്‍ കരാറിനെ എതിര്‍ത്ത പ്രകാശം പരത്തുന്ന നേതാവ് ഇത്തവണ പിന്തുണ പിന്‍വലിക്കാത്തതില്‍ കുഞ്ഞാമന് അതിശയവും തോന്നുന്നു. സത്യത്തില്‍ വിലക്കൂട്ടല്‍ വലിയ കാര്യമൊന്നുമല്ലായിരിക്കും. എന്തായാലും കേരള ബന്ധമുള്ള ഡല്‍ഹിവാല ആയിട്ടാ, അല്ലെങ്കില്‍ എപ്പോഴേ പിന്‍വലിച്ചേനെ.
അതെല്ലാം മറന്നേക്കൂ, ഒരേയൊരു സംശയം (കുഞ്ഞാമന് വീണ്ടും സംശയം ബാക്കി!) എന്തിനാ പച്ചവെള്ളം കുടിക്കാന്‍ തരാതെ കുഞ്ഞാമനെ ഇങ്ങനിട്ടനുഭവിപ്പിക്കുന്നത്! ഉത്സവം നടത്തുമ്പോള്‍ കുഞ്ഞാമന് ബസില്‍ കയറിക്കൂടെ, ഭക്ഷണം കഴിച്ചു കൂടെ, ജോലിക്ക് പൊയ്ക്കൂടെ? ഉത്സവം അതിന്‍റെ വഴിക്ക് നടക്കട്ടെ, പരിഹാരത്തിന് പണ്ടാരണ്ട് കണ്ടുപിടിച്ച ഫോര്‍മുല ഉണ്ടല്ലോ;പാവം കുഞ്ഞാമനെ വെറുതെ വിട്ടുകൂടെ.