നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് യോഗാഭ്യാസം പഠിപ്പിച്ചു നല്‍കിയാല്‍ നന്ന് എന്നാണ് ജനകീയനു തോന്നുന്നത്. ഇതു കേട്ട ഉടന്‍, “എന്തരെടേ യോഗ, തീവ്രവാദികള് വന്ന് തള്ളണ്..അപ്പത്തന്നെ വേണോടേ... ” എന്ന് പറഞ്ഞ് അങ്ങ് കളിയാക്കികളയല്ലേ.
ജനകീയന്‍ പറഞ്ഞതില്‍ കാര്യമില്ലേ. രാഷ്ട്രീയ ‘താരങ്ങള്‍ക്ക്’ എല്ലാം ‘അഭ്യാസം’ നന്നായി അറിയാമെന്ന് ഈ നാടും മറുനാടും ഒന്നിച്ചങ്ങ് സമ്മതിച്ചേക്കും- താരങ്ങള്‍ എന്ന് പറഞ്ഞത് അബദ്ധമായോ എന്തോ? സിനിമാതാരങ്ങള്‍ എവിടെക്കിടക്കുന്നു, രാഷ്ട്രീയ നഭസ്സിലെ വമ്പന്‍ സൂപ്പര്‍ മെഗാതാരങ്ങള്‍ എവിടെ കിടക്കുന്നു; സിനിമാതാരങ്ങളെ കൊച്ചാക്കി എന്ന് പരാതിപ്പെടല്ലേ, ജനകീയന്‍ വെറും പാവത്താനാണേ.
നമ്മുടെ വ്യവസായ തലസ്ഥാനത്ത് ഭീകരാക്രമണം നടന്ന ശേഷം എന്നാ പുകിലാ നാടാകെ. മഹാരാജ്യം മുഴുവന്‍ “രാജി ”പറന്നു നടക്കുകയല്ലേ. കാരണമെന്താ....ജനകീയന്‍ കണ്ടുപിടിച്ചു...മനോദൌര്‍ബല്യം! ഈ ദൌര്‍ബല്യത്തെ മറികടക്കാന്‍ യോഗ തന്നെ വേണം. പലതവണ ‘തുണിമാറുന്നതു പോലെ’ ഭീകരാക്രമണത്തെ നേരിട്ട പാട്ടീല്‍ രാജി നല്‍കി...അത് തീര്‍ച്ചയായും ‘ശനിചുറ്റിച്ച’ സമയത്ത് തന്നെയാ നല്‍കിയത്. അതങ്ങോട്ട് കഴിഞ്ഞില്ല, ഉടന്‍ ദാ കെടക്കുന്നു മറ്റൊരു പാട്ടീലിന്‍റെ രാജി.
ചെറിയ പാട്ടീല്‍ ഭീകരാക്രമണത്തെ ‘നിസാര സംഭവം’ എന്ന് പറഞ്ഞ് ഒന്നു പൊരുതി നില്‍ക്കാന്‍ നോക്കി. പക്ഷേ ഭക്ഷണത്തിന്‍റെ ഉടയോന്‍ കേന്ദ്രത്തീന്നെത്തിയതും രാജി നല്‍കിപ്പോയി ! അതുകൊണ്ടെന്താ മറ്റൊരു മെഗാതാരം തകര്‍ന്ന് പൊടിഞ്ഞു വീണില്ലേ. സിനിമ നിര്‍മ്മിച്ച് നിര്‍മ്മിച്ച് ചുവരായ ചുവരിലെല്ലാം കേറിപ്പതിഞ്ഞ രാം ഗോപാല്‍ അദ്ദ്യത്തിനൊപ്പം മഹാരാഷ്ട്ര മുഖ്യന്‍ താജ് വരെയൊന്നു പോയി...അത് കേറിയങ്ങ് പ്രശ്നമായില്ലേ....ചെറിയ പാട്ടീല്‍ രാജിവച്ച നിലയ്ക്ക് താനുമങ്ങ് പടിയിറങ്ങിയേക്കാമെന്നായി മഹാരാഷ്ട്രമുഖ്യനും.
ഇതെന്താ ഈ മന്ത്രിമാരെല്ലാം ഇങ്ങനെ എന്നൊരു ‘കീറ്റു’ ചിന്തയും ജനകീയനുണ്ടായി. അതാകിടക്കുന്നു അതിനുള്ള ഉത്തരം ...ധാര്‍മ്മികത (അതേ കേറി തട്ടാഞ്ഞത് ഭാഗ്യമായി, ഉത്തരം തെറിച്ചു പോകില്ലായിരുന്നോ?). അത് സാധനം കൊള്ളാം. അബദ്ധങ്ങളെ മറികടക്കാനുള്ള ക്ലാസില്‍ പോവാത്തവര്‍ക്ക് നല്‍കിയിരിക്കുന്ന വിടവാങ്ങല്‍ വാക്കായിരിക്കും ഈ ധാര്‍മ്മികത! ധാര്‍മ്മികത പകരംവച്ച് ഇറങ്ങുന്നവര്‍ക്ക് ശേഷം സോണിയാമ്മ എല്ലാ ക്ലാസുകളിലും പഠിച്ച് പാസായവരെയാണോ ഇനി കൊണ്ടുവരിക? ആയിരിക്കും, പണ്ടൊരുനാള്‍ മറ്റൊരു ധാര്‍മ്മികതയുടെ പേരില്‍ കേരളം വിട്ടയാളും ആയമ്മക്കൊപ്പമുണ്ടല്ലോ...ഇത്രയും പറഞ്ഞത് ദുര്‍ബ്ബലന്‍റെ “ധാര്‍മ്മികത”യായി പരിഗണിക്കരുതേ!