സ്വാമിയെ കണ്ടാല്‍..

Webdunia
P.S. AbhayanWD
ഗുരുഭൂതന്‍ നിറച്ചുതന്ന കെട്ടും തലയിലേറ്റി ശബരിമലയില്‍ പോവുമ്പോള്‍ ശരണം വിളിക്കാന്‍ ഭക്തിനിറഞ്ഞ ഒരു പ്രത്യേക താളമുണ്ട്. “സ്വാമിയെ കണ്ടാല്‍ മോക്ഷം കിട്ടും” എന്ന് എത്രതവണ ഈ ഭക്തന്‍ വിളിച്ചിരിക്കുന്നു. ഒരു കാര്യമുണ്ട്, ഭക്തമാനസരായി ഗുരുവായൂരും ശബരിമലയിലും പോയാല്‍ നന്ന്, അല്ലെങ്കില്‍ കിട്ടേണ്ടതു കിട്ടും!

എല്ലാ ഭക്തന്മാരുടെയും സാദാ ‘ചളുവാ’ പ്രവചനമാണ് ഇതെന്ന് കരുതിയാല്‍ തെറ്റി. ഇനിയും സംശയമുണ്ടെങ്കില്‍ സുധാകര മന്ത്രിപുംഗവനോട് ചോദിക്കൂ, അനുഭവ സാക്‍ഷ്യം അദ്ദ്യം പറഞ്ഞുതരും. സ്വാമിയെ കണ്ടാല്‍ എന്നുപറഞ്ഞാല്‍ “നാണക്കേടാവും” എന്ന് പറഞ്ഞ് പൂരിപ്പിക്കേണ്ട ഗതികേടാണ് ഇദ്ദ്യത്തിനിപ്പോള്‍!

പണ്ട്പണ്ടേ അതിയാന് അമ്പലത്തിലും പള്ളിയിലും ഒന്നും അത്ര വിശ്വാസം പോര. എന്തിനേറെ സ്വന്തം ബോര്‍ഡില്‍ പോലും കള്ളന്‍‌മാരാണെന്നാണ് ഈ തീപ്പൊരിയുടെ വാദം. പക്ഷേ എല്ലാത്തിനും ഒരവസാനം ഉണ്ടെന്ന് ‘പണ്ടാരാണ്ട്’ പറഞ്ഞ് എനിക്കും തനിക്കും അറിയാമല്ലോ.

നമ്മുടെ ഈ അഗ്നിനാളം ഗുരുവായൂര്‍ കൃഷ്ണന്‍റെ സവിധത്തിലും ചെന്നു. ഭക്തിയിലല്ലാ കേട്ടോ, ഒഫീഷ്യല്‍ സന്ദര്‍ശനം. ഒരു വൃദ്ധ സദനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് കൃഷ്ണനെ തെല്ലും മൈന്‍ഡാതെ തിരിച്ചു പോന്നു..കള്ളകൃഷണനല്ലേ ആള്, വിടുമോ!

P.S. AbhayanWD
രണ്ട് വര്‍ഷം തികഞ്ഞില്ല, നാടായ നാടെല്ലാം “സ്വാമിപിടുത്ത”ത്തിന്‍റെ കൊടും ചൂട്. സന്തോഷ് മാധവ“ജി”, ഭദ്രാനന്ദ തോക്ക് “ജി”, മാതാജി തുടങ്ങി “ജി” മാരെല്ലാം പൊലീസ് വലയത്തിലായി. അന്നേരമുണ്ട് സുധാകര നക്ഷത്രത്തെ നോക്കി നടന്ന പത്രക്കാര്‍ക്ക് ഒരു തുമ്പ്...അദ്ദ്യം ഹരിസ്വാമി“ജി”യുടെ ട്രസ്റ്റിന്‍റെ വൃദ്ധ സദനമാണത്രേ ഉദ്ഘാടനം ചെയ്തത്.

സ്വാമി പിടുത്ത കാലത്ത് വലയിലായ “ജി” കളെല്ലാം നല്ല ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ഹരിസ്വാമിജിയും പൂര്‍വ്വാശ്രമത്തില്‍ നല്ല ഒന്നാന്തരം പുള്ളിയായിരുന്നു. ശിവലിംഗം തുപ്പുന്ന ഹരിജിക്ക് എതിരെ 18 ചെക്ക് കേസുകള്‍ നിലവിലുണ്ട്...നാറിയില്ലേ വൃഥാ! സുധാകര്‍ജി ഇതിനോട് പ്രതികരിച്ചു..ആ പ്രതികരണത്തില്‍ അല്‍‌പ്പം വിശ്വാസത്തിന്‍റെ നിറം കലര്‍ന്നിരുന്നോ? അതോ ഭക്തനായതുകൊണ്ട് തോന്നിയതോ?

ഹരിജിയുടെ പരിപാടികളില്‍ പങ്കെടുത്തത് അറിയാതെ പറ്റിയൊരു അപരാധമാണെന്ന് അദ്ദ്യം സമ്മതിച്ചു. എന്നാല്‍, മാതാ‍അമൃതാനന്ദമയിയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് ചങ്കൂറ്റത്തോടെ പറയുകയും ചെയ്തു. മന്ത്രി സഭയിലെ ഈ ചങ്കൂറ്റജിക്ക് അമ്മയില്‍ വിശ്വാസം തോന്നിത്തുടങ്ങിയോ ആവോ...പത്രങ്ങള്‍ വായിച്ചുകൊണ്ടേയിരിക്കാം...പ്രസ്താവന എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം.