"മക്കളേ, അപ്പനു വായില്ലെടാ!”

ശനി, 25 ജൂലൈ 2009 (18:19 IST)
PROPRO
രാഹുല്‍ ഗാന്ധിയും അച്യുതാനന്ദനും തമ്മില്‍ എന്താണൊരു സാമ്യം? ഫോണ്‍ ഇന്‍ പരിപാടികളില്‍ ചാനല്‍ സുന്ദരിമാര്‍ വെറുതെ വിളമ്പിത്തരുന്ന തരത്തിലുള്ള ‘ക്ലൂ’വേലെ അഞ്ചാറെണ്ണം അങ്ങ് തന്നാലും ഇതിനൊരു മറുപടി ആരും അത്ര പെട്ടെന്ന് തന്നെന്ന് വരില്ല.

ഇവരും തമ്മില്‍ സാമ്യമോ? എന്താ കൂവേ, ഹലുവായും ചമ്മന്തിയും നല്ല കോമ്പിനേഷന്‍ ആണെന്ന് താന്‍ പറഞ്ഞുകളയുമല്ലോ എന്നും ചിലര്‍ ചോദിച്ചേക്കാം. ആര്‍ക്കായാലും ഇങ്ങനെക്കൊയെ തോന്നൂ. പണ്ടേ പറഞ്ഞിട്ടില്ലേ? എന്റെ പേര് ദുര്‍ബലന്‍ എന്നാണെങ്കിലും ഭയങ്കര നിരീക്ഷണ പാടവമാണെന്ന്! ഇവര്‍ തമ്മില്‍ ഞാനൊരു സാമ്യം കണ്ടു പിടിച്ചു. അതുമാത്രമല്ല ഇവര്‍ക്ക് കണ്ണോത്തെ രാജനുമായും ഒരു സാമ്യമുണ്ട് ! കണ്ണോത്തെ രാജനെ വഴിയെ പരിചയപ്പെടുത്താം.

നമ്മുടെ വിഖ്യാതമായ ഡല്‍ഹി യോഗം കഴിഞ്ഞതില്‍ പിന്നെ അച്യുതാനന്ദന്‍ സാറിനൊരു മൌനം. ആദ്ദേഹം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മനസ്സറിഞ്ഞൊന്നു ചിരിച്ചു പോയെന്ന് പോലും. അതു കണ്ട് ആരൊക്കെയോ കണ്ണുവച്ചതാവണം. ഇപ്പോള്‍ ആകെ ഒരു മിണ്ടാട്ടമില്ലായ്മയാണ്! അത്ര കടുത്തത് അല്ലെങ്കിലും ഇതേ പോലെയുള്ള ഒരു അസ്കിതയാണ് രാഹുല്‍ജിക്കും.

രാഹുവിന് എല്ലാക്കാര്യത്തിലും ഈ മിണ്ടാട്ടമില്ലായ്ക ഇല്ല, മായാവതിയെ കുറിച്ചു പറഞ്ഞു കേട്ടാല്‍ മതി അദ്ദേഹം സംസാരിച്ചു തുടങ്ങും. എന്നാല്‍, ഈ മിണ്ടാട്ടമൊന്നും യുപി കോണ്‍ഗ്രസിലെ ധീര വനിതയായ റീത്താമ്മയുടെ കാര്യത്തിലില്ല കേട്ടോ. റീത്താമ്മയെ മായാമ്മ പിടിച്ച് അകത്തിട്ടു - അധികാരമുണ്ടെങ്കില്‍ അനാവശ്യം പറയുന്നവരെ പിടിച്ച് അകത്താക്കാന്‍ കൂടുതല്‍ സമയം വല്ലതും വേണോ?

പണ്ട് സ്വന്തം അനിയന്‍ ഗാന്ധി താമര വിടര്‍ത്താന്‍ വേണ്ടി വിടുവായ പറഞ്ഞു എന്ന് കേട്ടതും രാഹുവും പെങ്ങളും പത്തളന്നു! അനിയന്‍ ഗാന്ധിക്ക് സംസ്കാരമുണ്ടോ എന്ന് വരെ വ്യംഗ്യത്തില്‍ ചോദിച്ചതാണ്. പക്ഷെ റീത്താമ്മ മായയെ കുറിച്ച് “റേപ്” ചേര്‍ത്ത് വര്‍ത്തമാനം പറഞ്ഞിട്ടും രാഹു കേട്ടമട്ടില്ല. ഇതിനിടെ അമേഠിയില്‍ ഒന്നു പോയപ്പോഴും രാഹു റീത്തയെ മറന്നുപോയി.

ഇവിടാണ് നമ്മുടെ കണ്ണോത്തെ രാജനെ ഫിറ്റ് ചെയ്യേണ്ട ഇടം. കണ്ണോത്തെ രാജന്‍ നല്ലൊരു മെക്കാനിക്കാണ്, കൈപ്പുണ്യമുള്ളവന്‍. രാജന് ഒരേയൊരു കുഴപ്പം മാത്രം, കുടിച്ചാല്‍ പിന്നെ പലതും മറന്നു പോവും, ചിലപ്പോള്‍ പൊക്കിയ കൈ താഴ്ത്താന്‍ പോലും നാട്ടുകാര്‍ മുന്‍‌കൈ എടുക്കേണ്ടി വരും.

ഒരു തിരുവോണത്തിന് രാജന്‍ ഊണിനു മുമ്പ് പുറത്തിറങ്ങി ഭേഷായൊന്നു ‘മിനുങ്ങി’ തിരിച്ചെത്തി. കുട്ടികളും ഭാര്യയുമൊത്തുള്ള ഓണ സദ്യയാണ് അടുത്ത രംഗം. നിലത്ത് ഭിത്തിയില്‍ ചാരിയാണ് രാജന്റെ ഇരുപ്പ്. ഭാര്യയും കുട്ടികളും ചുറ്റുമുണ്ട്. ഓണസദ്യ ഉണ്ണാനായി രാജന്‍ ഒരു ഉരുള നന്നായി ഉരുട്ടി വായുടെ തൊട്ടു താഴെ കൊണ്ടു വന്ന് ഉള്ളിലേക്ക് ഒരേറ്, ഇതാണ് അദ്ദേഹത്തിന്റെ സ്ഥിരം ശൈലി.
PTIPTI

രാജന്‍ ഒരു ഉരുള ഉരുട്ടി വായിലേക്കിട്ടു, പിറകെ രണ്ടാമതും ഒന്ന് ഉരുട്ടി വായിലേക്കിട്ടു. വായിലേക്ക് ഇടുന്നത് മിച്ചം, ഒന്നും അകത്താവുന്നില്ല. രാജന്‍ അലമുറയിട്ട് കരഞ്ഞുകൊണ്ട് ഇറങ്ങി ഒരോട്ടം, മക്കള്‍ പിന്നാലെ. അവസാനം അപ്പനെ മക്കള്‍ കവലയിലിട്ട് പിടികൂടി. കാര്യമെന്താണെന്ന് മക്കള്‍ തിരക്കിയപ്പോള്‍ വലിയവായയില്‍ കരയുന്ന രാജന് ഒന്നുമാത്രമേ പറയാനുള്ളൂ, “അപ്പന് വായില്ലെടാ മക്കളേ!”

യഥാര്‍ത്ഥത്തില്‍ രാജന് ഒരു കുഴപ്പവുമില്ലായിരുന്നു. അടിച്ചു ഫിറ്റായി രാജന്‍ ഉരുട്ടിയെറിഞ്ഞ ഉരുളകളെല്ലാം പിന്നിലെ ഭിത്തിയില്‍ ചെന്നു വീഴുകയായിരുന്നു. ഓണക്കുടിയോടെ തന്റെ വായ അപ്രത്യക്ഷമായെന്നാണ് രാജന്‍ കരുതിയത്! മദ്യം പോലെയായിരിക്കും അധികാരവും ലഹരി കയറിയാല്‍ പിന്നെ അതില്ലാതെ പറ്റുമോ? ലഹരി കയറുമ്പോള്‍ പലതും മറക്കാം, സംസാരവും.