കാത്തിരുന്നാ...ഒന്നും നടക്കില്ല !

Webdunia
WD
തെരഞ്ഞെടുപ്പ് വന്നങ്ങ് തലേക്കേറിയില്ലേ...മാണിയുടെ പടവലങ്ങാ‍ പാര്‍ട്ടി മുതല്‍ ചെന്താമര കണ്ണന്‍മാര്‍ വരെ ഉഷാറായി രംഗത്തുണ്ട്. പക്ഷേ ഇടതന്മാരെ ഇതൊന്നും ബാധിച്ചിട്ടില്ല. ഗ്രൂപ്പുകളിയും കിളിത്തട്ടും ആക്രമണ പ്രത്യരോപണങ്ങളുമായി സഖാക്കന്മാര്‍ ഓടി നടക്കുകയാണ്. ഇതോടെ വലതന്മാരുടെ കാലുവാരലിനും കുതികാല്‍‌വെട്ടിനും മാര്‍ക്കറ്റ് അമ്പേകുറഞ്ഞു

‘എലക്ഷന്‍’ വന്നോ ലാവ്‌ലിന്‍ ഉയര്‍ന്നു വരും ! പിന്നെ പിണറായി സഖാവിന് നേരെ ഒന്ന് ഉറഞ്ഞുതുള്ളും, ഇലക്ഷന്‍ കഴിയുമ്പോള്‍ ലാവ്‌ലിന്‍ പോയ വഴികാണില്ല. പിന്നെ അടുത്ത ഇലക്‍ഷന്‍ വരെ കാത്തിരിക്കണം ഈ പറയുന്ന ലാവ്‌ലിനെ ഒരുനോക്ക് കാണാന്‍‍.

ഇക്കുറി സംഗതി അല്പം സീരിയസാ‍ണ്. അച്യുതാനന്ദ സഖാവ് പിണറായിക്കെതിരെ ശക്തമായ പടയൊരുക്കം തന്നെ ഒരുക്കി. പണ്ട് ‘മലപ്പുറം അങ്കത്തില്‍’ എതിരാളിയുടെ ചുരികത്തലപ്പൊന്ന് കോറിയപ്പോള്‍ അങ്കക്കലി പൂണ്ട് പിണറായി സഖാവ് തന്റെ ഗ്രൂപ്പുകാരെ വെട്ടിനിരത്തിയത് അത്ര വേഗം മറക്കാനാവുമോ. നായനാരെ ഒന്നൊതുക്കാന്‍ പണ്ട് ‘ബീഡിയും പരിപ്പുവടയും നല്‍കി’ വളര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ ഭാവി ഇത്ര ശോകമയമാവുമെന്ന് കരുതിയേ കാണില്ല!

WD
തലസ്ഥാനത്ത് ചെന്ന് കാരാട്ടദ്ദേഹത്തോട് സംഗതി ഉണര്‍ത്തിച്ചു പക്ഷെ കാരാട്ട് സഖാവ് ലെനിന് തുല്യമായ നിലപാടെടുത്തു- പിബി യില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന്. വിമാനയാത്രാക്കൂലി നഷ്ടം, മാനവും. പഴയ ജനകീയത ഒന്നും വി.എസിന് ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്ന് കാരാട്ടിന് പകല്‍ പോല്‍ വ്യക്തം.

മന്ത്രിമാരെല്ലാം പിണറായിയുടെ റോഡ് ഷോയുടെ ഉത്‌ഘാടനത്തിന് നിരന്നപ്പോള്‍ അച്യുതാനനദന്‍ വിട്ടു നിന്നു. പോരെങ്കില്‍ പണ്ട് യൂദാസ് യേശുവിനെ തള്ളിപ്പറഞ്ഞ പോലെ ഒരു പ്രസ്താവനയും ഇല്ലാ‍.... ഇല്ലാ... ഇല്ലാ യെന്ന്. മാ‍ധ്യമപ്രവര്‍ത്തകര്‍ അതോടെ ഉഷാറായി രണ്ടു പേരുടെയും പ്രസ്‌താവനകള്‍ മിനിട്ടിന് അഞ്ച് എന്ന രീതിയില്‍ എഴുതി നിറച്ചു.

പിണറായിയും വിട്ടുകൊടുത്തില്ല പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്റെ റോഡ് ഷോയിലും ഉണ്ടാകുമെന്ന് മറുപ്രസ്താവനയും വന്നു. പണ്ട് കാരാട്ട് നേരിയതുമുടുത്ത് വന്ന് രണ്ടുപേരെയും അനുനയിപ്പിച്ചതും അന്ന് രണ്ടു പേരും “ പണ്ട് നമ്മള്‍ ചെറുപ്പത്തില്‍ മണ്ണുവാരിക്കളിച്ചതോര്‍മ്മയില്ലേ ” എന്ന് പാടിയതും ഓര്‍ത്തില്ല.

എന്തായാലും മത്സരിക്കും മുമ്പേ സി.പി.എം ന് പരാജയം ഏതാണ്ട് ഉറപ്പായി. 20 സീറ്റിന്റെ രോമാഞ്ചം ഇനി പാര്‍ട്ടിയുടെ ചരിത്ര പുസ്തകത്തില്‍ ചേര്‍ക്കേണ്ട അവസ്ഥയാണ്. പിന്നെ അച്യുതാന്ദന്‍ പുറത്തേയ്‌ക്ക് പോയി പുതിയ പാര്‍ട്ടി ഉണ്ടാക്കുമോയെന്നാരറിഞ്ഞു. കാരണം വിമത പക്ഷം എന്നപേരില്‍ പിണറായിക്കെതിരെ ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങളില്‍ അച്യുതാനന്ദന്‍റെ മുഖം പലരും കണ്ടുവത്രേ!

WD
ഷൊര്‍ണൂരും അമ്പലപ്പുഴയിലും ഓഞ്ചിയത്തും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ സംസാരിച്ചത് ഏതാണ്ട് ഒരേ ഭാഷയിലാണ് (അച്യുതാനന്ദന്റെ നീട്ടല്‍ ഇല്ലായിരുന്നുവെന്ന് മാത്രമെ വ്യത്യാസമുള്ളു). പാര്‍ട്ടിയിലെ ചില വ്യക്തികളുടെ നയങ്ങള്‍ ആണ് തങ്ങള്‍ പുറത്ത് പോകാന്‍ കാരണമെന്ന് വിമതര്‍ അവകാശപ്പെടുമ്പോള്‍ അത് പിണറായിയെ തന്നെയാണ് ലക്‍ഷ്യം വെയ്ക്കുന്നത്. പുറത്തുപോയവരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്കും മുന്‍പേ അച്യുതാനദന്‍ എത്തിയതും അതുകൊണ്ടാണല്ലോ. ഈ കളി മനസിലാക്കാന്‍ രാഷ്ട്രീയ മീമാംസ ഒരു കഴഞ്ചുപോലും അകത്താക്കണമെന്നില്ലെന്നാണ് ഹോമിയോ ഡോക്ടര്‍മാരുടെ പക്ഷം!

ചിലരൊക്കെ ‘ഐസ്ക്രീം തൂവുന്ന ചിരിയോടെ “ വന ഗായകാ... ഇതിലെ.. ഇതിലെ” എന്ന് പാടിയെങ്കിലും അച്യുതാനന്ദന്‍ ആ വഴി സ്വീകരിക്കില്ല. കാരണം രാഘവനും ഗൌരിയമ്മയും പോലുള്ള ജീവിക്കുന്ന രക്തസാക്ഷികള്‍ ഉള്ളപ്പോള്‍ പുറത്തേയ്ക്കുള്ള വഴി സഖാവ് അടച്ചുതന്നെ പിടിക്കും. അതെങ്ങാനും തുറന്നാലോ മറ്റൊരു ‘ഭാര്‍ഗ്ഗവ രാമനെ’കൂടി കേരളം താങ്ങേണ്ടി വരും. പിന്നീട് കഷ്ടകാലം മാനഹാനി ഒക്കെയാവും ഫലം അതുകൊണ്ട് പുതിയ പാര്‍ട്ടിയെന്നൊക്കെ പറയുമെങ്കിലും അതങ്ങ് സുപ്രഭാതം പോലെ പൊട്ടിവിരിയില്ല.

പാര്‍ട്ടിയിലെ തന്റെ നിലപാ‍ടുകള്‍ ഒരിക്കല്‍ കൂടി ശക്തമാക്കാനും പിണറായിയെ ഒന്നു നിലയ്‌ക്കു നിര്‍ത്താനുമാണ് ഈ നീക്കങ്ങളെല്ലാം. ഒരു ശക്തി പ്രകടനം അത്രമാത്രം . എന്തായാലും കാരാട്ടദ്ദേഹം പറഞ്ഞ വരെ കാത്തിരിക്കാം. എല്ലാം കലങ്ങി തെളിയുമോ അല്ലെങ്കി കലക്കി കുളമാക്കി ആരെങ്കിലും മീന്‍ പിടിക്കുമോ അല്ലെങ്കില്‍ തോണിമറിയുമോയെന്ന്.