പ്രണയം നല്‍കുന്ന ആരോഗ്യ പാഠങ്ങള്‍

ബുധന്‍, 6 മെയ് 2009 (20:29 IST)
IFMIFM
പ്രണയവും ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ആധുനിക മനഃശാസ്ത്രം കല്‍പിച്ച് നല്‍കുന്നത്. വ്യക്തികളുടെ ശാരീരികവും മാനസികവുമായ ഉന്‍മേഷത്തിന് ആരോഗ്യകരമായ പ്രണയം വലിയ സഹായമാണ് നല്‍കുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സ്നേഹിക്കുന്നതിലൂടെയും സ്നേഹിക്കപ്പെടുന്നതിലൂടെയും രക്തസമ്മര്‍ദ്ദം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാ‍ണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടുതല്‍ സാമൂഹിക ബന്ധങ്ങളുള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുതലാവാനുള്ള സാധ്യതയുണ്ട്. ആ സമയത്താണ് ഒരു യഥാര്‍ത്ഥ സുഹൃത്തിന്‍റെ സാമീപ്യം ആവശ്യമായി വരിക. അത്തരത്തിലുള്ള ഒരാളുടെ സാമീപ്യം മതിയായ സുരക്ഷിതത്വ ബോധം നല്‍കുമെന്നതിനാല്‍ ഒരാളുടെ വൈകാരിക തീവ്രത മുഴുവന്‍ പുറത്തേക്കൊഴുക്കാനുള്ള അവസരം ലഭിക്കുന്നു.

വിവാഹം കഴിക്കുന്നതിലൂടെ അഥവാ വിവാഹ ജീവിതം നയിക്കുന്നതിലൂടെ വിഷാദ രോഗങ്ങളും മറ്റ് അപകര്‍ഷത ബോധവും ഒരു പരിധിവരെ കുറയ്ക്കാനാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. താന്‍ ഒറ്റപ്പെടുന്നു എന്ന ചിന്തയാണ് ഒരാളെ വിഷാദ രോഗിയാക്കുന്നത്.

അതേ സമയം തന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും ഒരാളുണ്ടെന്ന ചിന്ത അയാളെ മാനസികമായി ഉന്‍മേഷവാനാക്കുകയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

IFMIFM
വീട്ടിലൊരു ഡോക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ദമ്പതിമാര്‍ക്ക് ഒരു പരിധി വരെ സാധിക്കും. തന്‍റെ ആരോഗ്യം തന്‍റെ പങ്കാളിയെ നേരിട്ട് ബാധിക്കുന്നു എന്ന ചിന്ത സ്വന്തം ആരോഗ്യത്തിലും പങ്കാളിയുടെ ആരോഗ്യത്തിലും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാവാന്‍ പ്രേരിപ്പിക്കും. ഈ മാനസികാവസ്ഥയിലേക്ക് ഒരു വ്യക്തി പ്രണയ ജീവിതത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കടക്കുന്നുണ്ട്. വിവാഹത്തോടെ ഇത് കൂടുതല്‍ ദൃഢമാകുന്നു.

പല അവസരത്തിലും പ്രണയം പ്രോല്‍സാഹനവും ഉത്തേജനവുമാണ്. അതേസമയം തന്നെ മനസ്സിനെ ശാന്തമാക്കി മാറ്റാനും പ്രണയത്തിനാകും. മനസ്സിനെ കുളിരണിയിച്ച് ഭൌതികതയില്‍ നിന്നും ഉയര്‍ന്ന ഒരു തലത്തിലേക്ക് നയിക്കുന്ന ഉത്തോലകമായി പാശ്ചാത്യ പൌരസ്ത്യ സാഹിത്യങ്ങളില്‍ പ്രണയത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ കല്‍പനയ്ക്ക് അടിത്തറ നല്‍കുകയാണ് ആധുനിക മനശാസ്ത്രം.

പ്രണയം മാനസ്സിനെയെന്ന പോലെ ശരീരത്തെയും ഊര്‍ജസ്വലമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. രോഗ ശയ്യയില്‍ കിടക്കുന്ന വ്യക്തിയുടെ രോഗം മാറ്റാന്‍ പോലും പ്രണയത്തിന് കഴിയുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രണയിതാക്കള്‍ രോഗങ്ങളില്‍ നിന്ന് പെട്ടന്ന് മുക്തരാവുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. തന്നെ ഒരാള്‍ കാത്തിരിക്കുന്നെന്ന ഉപബോധമനസ്സിന്‍റെ അഭ്യര്‍ത്ഥനയ്ക്കനുസരിച്ചായിരിക്കും അയാളുടെ ശരീരം രോഗത്തോട് പ്രതികരിക്കുക. പ്രണയം ഒരാളില്‍ നിരവധി പോസിറ്റീവ് എനര്‍ജി ഉല്‍പാദിപ്പിക്കുകയും ഇത് അയാളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യും.

വിവാഹം കഴിക്കാത്തവരുടെ ആയുര്‍ദൈര്‍ഘ്യം വിവാഹിതരേക്കാള്‍ കുറവായിട്ടാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിന് കാരണമെന്തായിരിക്കുമെന്ന് ഇപ്പോള്‍ പിടികിട്ടിക്കാണുമല്ലോ?