തെന്‍ഡുല്‍ക്കര്‍ നയിച്ചു;ഇന്ത്യ ജയിച്ചു

Webdunia
WDFILE
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍(117) മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ ത്രിരാഷ്‌ട്രപരമ്പരയിലെ സിഡ്‌നിയില്‍ നടന്ന ആദ്യ ഫൈനലില്‍ ഇന്ത്യ ഓസീസിനെ ആറു വിക്കറ്റിന് മുട്ടുകുത്തിച്ചു. ഓസ്‌ട്രേലിയന്‍ സ്‌കോറായ 239/8നെതിരെ ഇന്ത്യ 45.5 ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 242 റണ്‍സെടുത്തു. തെന്‍ഡുല്‍ക്കറും ധോനിയും(15) പുറത്താകാതെ നിന്നു.

120 ബോളില്‍ നിന്ന് 10 ഫോറുകളുടെ അകമ്പടിയോടെയാണ് സച്ചിന്‍ ഇന്ത്യന്‍ വിജയത്തില്‍ നെടുംതൂണായ 117 റണ്‍സ് നേടിയത്.രോഹിത് ശര്‍മ്മ(66)യാണ് ഇന്ത്യന്‍ വിജയത്തില്‍ സച്ചിനു പുറമെ നിര്‍ണ്ണായക പങ്കു വഹിച്ചത്. സച്ചിനും റോബിന്‍ ഉത്തപ്പയുമാണ് നീലപ്പടയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍, സ്‌കോര്‍ബോര്‍ഡ് 50 ല്‍ നില്‍ക്കുമ്പോള്‍ ഹോപ്സ് ഉത്തപ്പയെ(17)ഹസിയുടെ കൈകളില്‍ എത്തിച്ച് പോരാട്ടം അവസാനിപ്പിച്ചു.

പിന്നീടെത്തിയ ഗംഭീര്‍(3) വന്ന പോലെ മടങ്ങി. ഗംഭീര്‍ റണൌട്ടാക്കുകയായിരുന്നു. നാലാമതായി ഇറങ്ങിയ യുവരാജിന്‍റെ (10) കുറ്റി ഹോഗ് സ്‌കോര്‍ബോര്‍ഡ് 87 നില്‍ക്കുമ്പോള്‍ തെറിപ്പിച്ചു. രോഹിത് ശര്‍മ്മ സച്ചിന് മികച്ച പിന്തുണയേകി. 87 ബോളില്‍ നിന്ന് ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് രോഹിത് ഇത്രയും റണ്‍സ് നേടിയത്.

ഓസീസിനു വേണ്ടി ഹോപ്‌സ് 42 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് പോക്കറ്റിലാക്കി. ഹോഗിന് ഒരു വിക്കറ്റ് ലഭിച്ചു. അതേസമയം കത്തുന്ന ഫോമില്‍ ബൌള്‍ ചെയ്യുന്ന ബ്രെറ്റ് ലീയ്‌ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

നേരത്തെ 50 ഓവറില്‍ ഓസീസ് എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 239 റണ്‍സ് നേടി.82 റണ്‍സെടുത്ത ഹെയ്ഡനാണ് കംഗാരു സ്‌കോറിന് കരുത്തേകിയത്. ഹെയ്ഡന്‍ 10 ഫോറുകള്‍ ഉതിര്‍ത്തു. ഹസി(45), സൈമണ്ടസ്(31) എന്നിവരും മികച്ച പ്രകടനം കാഴ്‌ചവെച്ചു.

മികച്ച വീര്യത്തോടെയാണ് ഇന്ത്യന്‍ ബൌളര്‍മാര്‍ ബൌള്‍ ചെയ്തത്.പ്രവീണ്‍ കുമാര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. യുവരാജ്, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതം നേടി. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു