മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍

Webdunia
FILEWD
മാതാ അമൃതാനന്ദമയിയുടെ അമ്പത്തിനാലാം ജന്മദിനാഘോഷം വ്യാഴാഴ്ച വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ നടക്കും.

ഇതിന്‍റെ മുന്നോടിയായി ബുധനാഴ്ച രാത്രി ആശ്രമത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. അമൃത വിശ്വ വിദ്യാപീഠത്തിലെയും അമൃത വിദ്യാലയത്തിലെയും വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളാണ് നടക്കുക.

വ്യാഴാഴ്ച രാവിലെ പാദപൂജയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് അമ്മ ജന്മദിന സന്ദേശം നല്‍കും.
പൊതുസമ്മേളനത്തില്‍ ആശ്രമത്തിന്‍റെ പുതിയ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.

ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള കര്‍ഷകരുടെ കുട്ടികള്‍ക്കായുള്ള 30,000 സ്കോളര്‍ഷിപ്പുകളും കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ള 5,000 വനിതാ സംഘങ്ങള്‍ക്കുള്ള പരിശീലന പരിപാടിയുടെയും വായ്പാ പദ്ധതിയുടെയും ഉദ്ഘാടനവും അഗതികള്‍ക്കുള്ള വസ്ത്ര വിതരണവും നടക്കും.
FILEWD


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീയുവാക്കളുടെ സമൂഹ വിവാഹമാണ് മറ്റൊരു പരിപാടി. പിന്നീട് അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. പിറന്നാള്‍ ദിവസം രാത്രിയും കലാ പരിപാടികള്‍ ഉണ്ട്.