പൊന്നുമ്മ നല്‍കിയാലേ ഉണരാറുള്ളൂ...

SasiWD
അമ്മയും മക്കളും തമ്മിലും അച്ഛനും മക്കളും തമ്മിലുമുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വരികള്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. കുട്ടികളില്‍ പലരും ആ നഷ്ട വസന്തത്തെ ഒരു നിമിഷത്തേക്ക് സ്വന്തമാക്കാനുള്ള ആര്‍ത്തിയിലാവും ഈ ഗാന ശകലങ്ങള്‍ക്ക് ചെവി കൊടുക്കുന്നത്.

രക്ഷകര്‍ത്താക്കള്‍ പകര്‍ന്ന് നല്‍കാതെ പോയ അപൂര്‍വ നിമിഷങ്ങളാകും മിക്ക കുട്ടികള്‍ക്കും വേദനയാവുന്നത്. ഇത്തരം ‘നൊസ്റ്റാള്‍ജിയ’ക്ക് കാരണം രക്ഷകര്‍ത്താക്കളുടെ അലംഭാവമാണ്. വേണ്ടത് വേണ്ട സമയത്ത് പകര്‍ന്ന് നല്‍കാന്‍ കഴിയാതെ പോയതിന്‍റെ പരിണിത ഫലം!

നല്ലൊരു രക്ഷകര്‍ത്താവ് ആവാന്‍ കുറച്ചൊരു തയ്യാറെടുപ്പ് ആവശ്യമാണ്. രക്ഷകര്‍ത്താവിന്‍റെ സ്ഥാനം ഇതുവരെ തുടര്‍ന്ന ജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലാക്കണം. അതോടൊപ്പം എന്തൊക്കെ കരുതലോടെ ചെയ്യണം എന്നും മനസ്സിലാക്കണം. ഇത്രയുമൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല മാതാപിതാക്കന്‍‌മാരായി കുട്ടികള്‍ തന്നെ നിങ്ങളെ അംഗീകരിക്കും.

സ്നേഹം പ്രകടിപ്പിക്കൂ

കുട്ടികളില്‍ അവര്‍ സ്നേഹിക്കപ്പെടുന്നു എന്ന ബോധം സൃഷ്ടിച്ചെടുക്കണം. ഇതിനായി മാതാപിതാക്കള്‍ സ്നേഹം ഉള്ളില്‍ ഒളിച്ചു വയ്ക്കാതെ അത് പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ വിനിയോഗിക്കുകയാണ് വേണ്ടത്.

ഇതിനായി, പിഞ്ചോമനയെ ഒന്ന് ചേര്‍ത്ത് നിര്‍ത്തുക, ഒന്ന് തലോടുക. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും അഭിനന്ദിക്കുക. പിന്നെ സ്നേഹത്തോടെ ചുംബനം നല്‍കുക.

സുരക്ഷയും അനുഭവിക്കട്ടെ

മാതാപിതാക്കള്‍ വ്യക്തിപരമായ കാര്യങ്ങളില്‍ പാലിക്കുന്ന മാന്യത കുട്ടികളോടും കാണിക്കണം. അവരുടെ മുറിയില്‍ കടന്ന് ചെന്നാലും അവരുടെ മേശ വലിപ്പോ ഡയറിയോ പരിശോധിക്കാന്‍ മുതിരാതിരിക്കുക. കുട്ടികളില്‍ ആരോടും പ്രത്യേക സ്നേഹ പ്രകടനം വേണ്ട. എല്ലാവര്‍ക്കും ഒരേ പരിഗണനയാണ് ഉത്തമം.

കുട്ടികളുടെ മുന്നില്‍ വച്ച് വഴക്കടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് രമ്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നത് കുട്ടികള്‍ക്ക് മുന്നില്‍ വച്ച് ആയിരിക്കണം. ഇത് കുട്ടികളിലും ഈ നല്ല ശീലം വളര്‍ത്തും.

അടുക്കും ചിട്ടയും വേണം

പഠിക്കേണ്ട സമയം കളിക്കേണ്ട സമയം, ചെയ്യേണ്ടവ, ചെയ്യരുതാത്തവ എന്നിങ്ങനെ ചില ചിട്ടകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഈ നിയന്ത്രണങ്ങള്‍ കുട്ടികള്‍ മറി കടന്നേക്കാം, എന്നാല്‍ മാതാപിതാക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നു എന്ന ബോധത്തോടെ.

കുട്ടികളെ സ്വയം പര്യാപ്തരാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ സ്വന്തം കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ ശീലിക്കണം. കിടക്കയും മുറിയും ശുചിയാക്കാനും അടുക്കും ചിട്ടയും വരുത്താനും അവര്‍ സ്വയം ശ്രമിക്കട്ടെ.

കുറ്റപ്പെടുത്തണോ?

കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ കുറ്റപ്പെടുത്തുന്നതിന് പകരം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം, നിയന്ത്രണം നഷ്ടപ്പെടാതെ. ‘നീയൊരു ചീത്തയാണ്’ എന്ന് അറുത്ത് മുറിച്ച് പറയരുത്. ചീത്തവശങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം അത് ആവര്‍ത്തിക്കാതിരിക്കാന്‍ ഉറപ്പ് വാങ്ങുക.

കുട്ടികളെ പരസ്യമായി വിമര്‍ശിക്കരുത്. ഇത്തരം സാഹചര്യമുണ്ടാവുകയാണെങ്കില്‍ അത് അവര്‍ക്ക് സമൂഹത്തിനെ അഭിമുഖീകരിക്കാന്‍ പ്രയാസമുണ്ടാക്കും. അതിനാല്‍, വിമര്‍ശനം മൃദുവാക്കി സ്വകര്യതയില്‍ മാത്രം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക.

കുട്ടികളുടെ മുന്നില്‍ എപ്പോഴും ഒരു മാതൃകയാവാന്‍ ശ്രദ്ധിക്കണം. അവരുടെ കാര്യങ്ങള്‍ക്ക് ചെവി കൊടുക്കണം. ശ്രദ്ധയോടെ കളിക്കളത്തിലെ അല്ലെങ്കില്‍ സ്കൂളിലെ വിവരം കേള്‍ക്കുമ്പോള്‍ അവര്‍ക്ക് അംഗീക്കരിക്കപ്പെട്ടു എന്ന വികാരം ഉണ്ടാവാന്‍ സഹായിക്കും.



വെബ്ദുനിയ വായിക്കുക