കുഞ്ഞിക്കാല്‍ വളരുമ്പോള്‍

Webdunia
FILEFILE
കുഞ്ഞോമനയ്ക്ക് നാലുമാസം പ്രായമായാല്‍ പിന്നെ ഒരുനൂറു സംശയങ്ങളാണ്. എന്താ‍ണ് കഴിക്കാന്‍ കൊടുക്കേണ്ടത്, കട്ടിയാഹാരം കൊടുക്കാമോ, മുലപ്പാല്‍ മാത്രം മതിയാകുമോ, പോഷകാഹാരക്കുറവ് ഉണ്ടാകുമോ ഇങ്ങനെ പോകും സംശയങ്ങള്‍...

മുത്തശ്ശിമാരുടെയും വീട്ടിലെ ‘വൈദ്യന്മാരു’ടെയും ഉപദേശം കൂടിയാകുമ്പോള്‍ അമ്മയ്ക്ക് വീണ്ടും കണ്‍ഫ്യൂഷന്‍. അതുകൊടുക്കാമെന്ന് ഒരാള്‍ പറഞ്ഞാല്‍ പാടില്ലെന്ന് മറ്റൊരാള്‍ പറയും. അമൃതെന്നു പറഞ്ഞു കൊടുക്കുന്നത് ചിലപ്പോള്‍ കുട്ടിക്ക് വയറ്റിന് പിടിക്കില്ല.

ഇത്തരം കണ്‍ഫ്യൂഷനുകള്‍ക്ക് അവസാനമാകട്ടെ. ഇതിനൊക്കെ കൃത്യമായ ചില കണക്കുകളുണ്ട്. ആറുമാസം വരെ കുട്ടിക്കു മുലപ്പാല്‍ മാത്രം കൊടുത്താല്‍ മതിയെന്നാണ് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ നാലുമാസം പിന്നിടുമ്പോള്‍ അമ്മയ്ക്ക് വീട്ടില്‍ നിന്നു മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ കുഞ്ഞിന് കുറുക്കുകള്‍ നല്‍കാം.

കൂവരക് (റാഗി), ഏത്തയ്ക്കാപ്പൊടി എന്നിവയാണ് കുട്ടികള്‍ക്ക് സാധാരണ നല്‍കിവരുന്നത്. പുതിയ ആഹാരങ്ങള്‍ നല്‍കിത്തുടങ്ങുന്നത് പ്രഭാതങ്ങളിലാക്കാം. പരിചയിച്ച ആഹാരം വൈകുന്നേരങ്ങളില്‍ നല്‍കാം. ഇപ്രകാരം ചെയ്താല്‍ കുട്ടിക്ക് അസ്വസ്ഥതയുണ്ടെങ്കില്‍ ശ്രദ്ധിക്കാനും പരിചരിക്കാനും കൂടുതല്‍ സമയം കിട്ടും.

പഴച്ചാറുകള്‍ ആണ് ആഹാരത്തിന്‍റെ അടുത്ത ഘട്ടം. പിന്നീട് ധാന്യങ്ങളും പയര്‍വര്‍ഗ്ഗങ്ങളും പൊടിച്ചതു കൊണ്ട് കുറുക്ക് ഉണ്ടാക്കി നല്‍കാം. ആറുമാസം പിന്നിടുമ്പോള്‍ ചോറ്, ഇഡലി, മുട്ട, ഉരുളക്കിഴങ്ങ്, ദോശ, ഉപ്പുമാവ് എന്നിവയൊക്കെ കൈകൊണ്ട് മയപ്പെടുത്തി നല്‍കാം.

ഒരു വയസ്സിനുള്ളില്‍ വീട്ടിലുണ്ടാക്കുന്ന എല്ലാ ആഹാരവും ശീലിപ്പിക്കാം. പശുവിന്‍ പാല്‍ നല്‍കുന്നത് ഒരു വര്‍ഷത്തിനു ശേഷം മതി. മുലയൂട്ടല്‍ നിര്‍ബന്ധമായും രണ്ടുവയസ്സുവരെ തുടരുക.