പി എച്ച് ഡി/എം എസ് സി പ്രവേശനപ്പരീക്ഷ

Webdunia
തിരുവനന്തപുരം: കേരള സര്‍വകലാശാല പി എച്ച് ഡിക്കും ഗവേഷണത്തിലൂടെ എം എസ് സി എഞ്ചിനീയറിംഗ്‌ ഡിഗ്രിക്കും (പാര്‍ട്‌ ടൈം, ഫുള്‍ ടൈം) വേണ്ടിയുള്ള പ്രവേശനപ്പരീക്ഷയ്ക്ക്‌ അപേക്ഷ ക്ഷണിച്ചു. പി എച്ച് ഡി പ്രവേശനപ്പരീക്ഷയ്ക്ക്‌ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.

55% മാര്‍ക്കോടെ എഞ്ചിനീയറിംഗില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക്‌ എം എസ്സി എഞ്ചിനീയറിംഗ്‌ ടെസ്റ്റിന്‌ അപേക്ഷിക്കാം. എം ഫില്‍/ യു ജി സി.- സി എസ് ഐ ആര്‍/ ഐ സി എ ആര്‍ യോഗ്യതാ നിര്‍ണ്ണയ പരീക്ഷ/ 'ഗേറ്റ്‌' (GATE)/ കേരള സര്‍ക്കാര്‍ അല്ലെങ്കില്‍ ഐ സി എം ആര്‍ ന്‍റെ സ്റ്റേറ്റ്‌ -ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (സെറ്റ്‌ അല്ല) / കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ ഫെലോഷിപ്പ്‌ ഇവയിലേതെങ്കിലുമോടൊപ്പം 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദധാരിളെ എലിജിബിലിറ്റി ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടു‍ണ്ട്‌.

കോളജുകളിലോ, സര്‍വ്വകലാശാലയിലോ ഏഴു വര്‍ഷം സര്‍വിസുള്ള അദ്ധ്യാപകരെയും ഡി എം /എം സി എച്ച് എന്നീ‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബിരുദമുള്ള ഡോക്‌ടര്‍മാരെയും, അംഗീകൃതഗവേഷണ പ്രസിദ്ധീകരണത്തില്‍ രണ്ടു പേപ്പറെങ്കിലും പ്രസിദ്ധപ്പെടുത്തിയിട്ടു‍ള്ള അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിലെ ഏഴുവര്‍ഷം സര്‍വീസുള്ള ഗ്രേഡ്‌ സയന്‍റിസ്റ്റ്‌/ എഞ്ചിനീയര്‍മാരെയും പ്രവേശന പരീക്ഷയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടു‍ണ്ട്‌.

പട്ടി‍കജാതി പട്ടി‍കവര്‍ഗ്ഗക്കാര്‍ക്ക്‌ സയന്‍സില്‍ 45 ശതമാനവും മറ്റു വിഷയങ്ങളില്‍ 40 ശതമാനവും മാര്‍ക്ക്‌ മതി. രജിസ്‌ട്രേഷനു വേണ്ട നിശ്ചിത യോഗ്യത നേടിയിട്ടു‍ള്ള സര്‍വകലാശാല/ കോളജ്‌ അദ്ധ്യാപകര്‍ക്കും ഗവേഷണകേന്ദ്രങ്ങളിലെ ഗവേഷകര്‍ക്കും മാത്രമേ പാര്‍ട്‌ ടൈം രജിസ്ട്രേഷന്‌ അപേക്ഷിക്കാനാവൂ. ബിരുദാനന്തര ബിരുദപ്പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. നവംബറില്‍ നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റിന്‍റെ തീയതി പിന്നീ‍ട്‌ അറിയിക്കും.

അപേക്ഷാഫോറം 10 രൂപക്ക്‌ സര്‍വകലാശാല ഫോംസ്‌ സെക്ഷനില്‍ നിന്നും ലഭിക്കും. തപാലില്‍ ലഭിക്കുതിന്‌, സര്‍വകലാശാല ഫൈനാന്‍സ്‌ ഓഫീസറുടെ പേരില്‍ തിരുവനന്തപുരം സര്‍വീസ്‌ ബ്രാഞ്ചില്‍ മാറാവുന്ന ഇരുപതു രൂപയുടെ എസ് ബി റ്റി /എസ്‌ ബി ഐ /ഡി സി ബി ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ്‌, അഞ്ചുരൂപയുടെ സ്റ്റാമ്പൊട്ടി‍ച്ച സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ എന്നി‍വ സഹിതം അപേക്ഷിക്കണം.

പേരും ഉദ്ദേശ്യവും ഡി ഡിയുടെ മറുവശത്ത്‌ എഴുതേണ്ടതാണ്‌. പൂരിപ്പിച്ച അപേക്ഷകള്‍, രജിസ്ട്രേഷന്‍ ഫീസിനുള്ള 750 രൂപയുടെ (എസ്‌ സി/ എസ്‌ ടി വിഭാഗക്കാര്‍ക്ക്‌ 375/-രൂപ - ഡി ഡിയെങ്കില്‍ 760/385) പേ-ഇന്‍-സ്ലിപ്പ്‌ സഹിതം, രജിസ്ട്രാര്‍, കേരള സര്‍വകലാശാല, പാളയം, തിരുവനന്തപുരം-34 എന്ന വിലാസത്തില്‍ 2009 ആഗസ്റ്റ്‌ 17-നകം ലഭിക്കണം.