ടെന്നീസിലെ മിക്ക കിരീടങ്ങളും സ്വന്തം രാജ്യത്തിന്‍റെ ഷോക്കേസില്‍ എത്തിച്ചെങ്കിലും നിലവിലെ പുരുഷ വനിതാ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള പ്രമുഖ താരങ്ങളെ കൊതിപ്പിക്കുന്നത് ഒളിമ്പിക്‍സ് കീര്‍ത്തിയാണ്. ലോകത്തിലെ കിടയറ്റ കായിക താരങ്ങള്‍ ഊര്‍ജ്ജമൊഴുക്കുന്ന ഒളിമ്പിക്‍സില്‍ ഒരു സ്വര്‍ണ്ണത്തിനായി കച്ച കെട്ടുകയാണ് ടെന്നീസ് താരങ്ങള്‍.
ബീജിംഗില്‍ ശക്തമായ മത്സരം നടക്കാന്‍ പോകുന്നത് പ്രധാനമായും ടെന്നീസില്‍ ആയിരിക്കുമെന്ന് വിദഗ്ദര്‍. ലോക ഒന്നാം നമ്പര്‍ താരങ്ങളായ റൊജര്‍ ഫെഡററും അന്നാ ഇവാനോവിക്കും ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി മുന്‍ നിരക്കാരായ 56 താരങ്ങളാണ് പുരുഷ വനിതാ വിഭാഗങ്ങളില്‍ സിംഗിള്‍സിലും ഡബിള്‍സിലുമായി മത്സരിക്കുന്നത്.
ആഗസ്റ്റ് 11 മുതല്‍ 17 വരെ നടക്കുന്ന ടൂര്‍ണമെന്‍റിനായി ലോക റാങ്കിംഗിലെ ആദ്യ 20 സ്ഥാനക്കാരിലെ 16 പുരുഷ താരങ്ങളും വനിതാ റാങ്കിംഗിലെ 15 താരങ്ങളും ബീജിംഗില്‍ കളിക്കുമെന്ന കാര്യം ഉറപ്പ് വരുത്തിയിരിക്കുകയാണ്. ലോക ഒന്നാം നമ്പര്‍ താരം ഫെഡററും ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീട നേട്ടക്കാരനായ റാഫേല്‍ നദാലും ആദ്യ ഒളിമ്പിക് കിരീടത്തിനായിട്ടാണ് ഒരുങ്ങുന്നത്. പത്താം സ്ഥാനക്കാരനായ വാവ്രിങ്ക ഫെഡറര്‍ക്കൊപ്പം സ്വിസിനായി കളത്തില്‍ ഉണ്ട്.
ഏറ്റവും മികച്ച ടീമുകളില്‍ ഒന്നിനെ ഇറക്കിയിരിക്കുന്നത് സ്പെയിനാണ്. രണ്ടാം നമ്പര്‍ താരം നദാലിനു പിന്നാലെ ഡേവിഡ് ഫെററര്‍, നിക്കോലാസ് അല്‍മാഗ്രോ, ടോമി റൊബ്രേഡോ എന്നിവരും സ്പെയിനായിട്ടാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഏതന്‍സ് ഒളിമ്പിക്‍സില്‍ സിംഗിള്‍സില്‍ ചെക്ക് താരം തോമസ് ബെര്‍ഡിക്ക് കിരീടം സ്വന്തമാക്കിയിരുന്നു.
മെഡല്‍ പ്രതീക്ഷയില്‍ റഷ്യയും അര്‍ജന്‍റീനയും ഇറക്കുന്നത് പ്രമുഖരെയാണ്. നാലാം നമ്പര്‍ നിക്കോളേ ഡാവിഡെങ്കോ റഷ്യയെ പ്രതിനിധീകരിക്കുമ്പോള്‍ നല്‍ബന്ധിയാനിലാണ് അര്‍ജന്‍റീന പ്രതീക്ഷിക്കുന്നത്. വനിതാ വിഭാഗത്തിലാണ് റഷ്യയുടെ കരുത്ത്. മരിയാ ഷറപോവയ്‌ക്കൊപ്പം കുസ്നെറ്റ്സോവ, ഡെമന്‍റിയെവ, ദിനാറാ സാഫിന എന്നിവരും കളിക്കാനുണ്ട്.
സെര്‍ബിയയും അമേരിക്കയും ഇവരെ വെല്ലുവിളിക്കുന്നു. ഒന്നാംനമ്പര്‍ അന്നാ ഇവാനോവിക്കിനെയും രണ്ടാംനമ്പര്‍ താരം ജലനാ ജാങ്കൊവിക്കിനെയും മുന്‍ നിര്‍ത്തിയാണ് സെര്‍ബിയ വെല്ലുവിളിക്കുന്നതെങ്കില്‍ അമേരിക്കയുടെ ശക്തി വില്യംസ് സഹോദരിമാരിലാണ്. സിഡ്നി 2000 ല്‍ സിംഗിള്‍സ് ഡബിള്‍സ് കിരീടം നേടിയത് വില്യംസ് സഹോദരിമാരായിരുന്നു.
PRO
PRO
ആതിഥേയരായ ചൈനയുടെ പ്രതീക്ഷകള്‍ കയ്യാളുന്നത് വിംബിള്‍ഡണ്‍ സെമി ഫൈനലിസ്റ്റ് ജി സെംഗാണ്. വിംബിള്‍ഡണില്‍ ആഗ്നസ് സാവി, നിക്കോളേ വൈദിസോവ, എന്നിവരെ തുരുത്തി സെമിയില്‍ എത്തിയ താരം പരാജയപ്പെട്ടത് സറീനാ വില്യംസിനോടായിരുന്നു. ഒളിമ്പിക്‍സില്‍ ടെന്നീസ് ഉള്‍പ്പെടുത്തിയത് 1896 ലായിരുന്നു. അത് പിന്നെ 1924 പാരീസ് ഗെയിംസില്‍ ടെന്നീസ് പിന്‍വലിക്കുകയും 1984 ലോസ് എഞ്ചല്‍സ് ഒളിമ്പിക്‍സില്‍ വീണ്ടും ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും മുഴുവന്‍ മെഡല്‍ ഇനമായി ഉള്‍പ്പെടുത്തിയത് 1988 ല്‍ ആയിരുന്നു.