‘പുതിയാപ്‌ള'യ്ക്ക് നോമ്പു തുറക്കാന്‍ ഇതാ നാടൻ പത്തിരിയും കോഴിക്കറിയും !

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (15:54 IST)
നോമ്പ് കാലത്ത് മുസ്ലീം ഭവനങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഭവങ്ങളാണ് പത്തിരിയും കോഴിക്കറിയും. നോമ്പുതുറ കഴിഞ്ഞ് പള്ളിയിലെല്ലാം പോയി വന്നു കഴിഞ്ഞാല്‍ ഒട്ടുമിക്ക ആളുകളും ആവശ്യപ്പെടുന്ന ഒന്നാണ് ഇത്. പച്ചരി വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ചാണല്ലോ പത്തിരി ഉണ്ടാക്കേണ്ടത്. എന്നാല്‍ ഇത്തവണ മഴക്കാലത്താണ് നോമ്പ് എത്തിയതെന്നതിനാല്‍ ഈ പത്തിരിക്കായി ദിവസവും അരി ഉണക്കാനോ മറ്റോ സാധിക്കാത്തതാണ് പല ഉമ്മമരേയും അലട്ടുന്നത്. പത്തിരി ഉണ്ടാക്കാന്‍ അറിയാത്തവരായി ആരും ഉണ്ടാകില്ല. എങ്കിലും എങ്ങിനെയാണെന്ന് ഒന്നുകൂടി നോക്കാം...   
 
ഒരു കയിൽ (കയിൽ എന്നുപറഞ്ഞാല്‍ കറിയെല്ലാം എടുക്കുന്നത്) പൊടിക്ക് ഒരു കയിൽ വെള്ളം എന്നതാണ് കണക്ക്. പൊടിക്കനുസരിച്ച് വെള്ളം തിളപ്പിക്കാന്‍ വക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പിടുക. വെള്ളം നന്നായി തിളക്കുമ്പോള്‍ അതിലേക്ക് പൊടി ഇടുക. അല്പം കഴിഞ്ഞ് നന്നായി ഇളക്കിയിട്ട് തീ ഓഫ് ചെയ്യുക. അതിനുശേഷം നന്നായി കുഴച്ച് ഉരുളകളാക്കി പത്തിരി കല്ലിൽ വെച്ച് പരത്തി നാടൻ അടുപ്പിൽ വെച്ചു ചുട്ടെടുത്ത ശേഷം കഴിക്കാന്‍ ആ‍വശ്യമുള്ളപ്പോള്‍ ഉപയോഗിക്കാം.
 
ഇനി ചിക്കന്‍ കറി എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം...  ആദ്യം വെളിച്ചെണ്ണ ഒഴിച്ചു ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പുതീന ഇല, കറിവേപ്പില എന്നിവയെല്ലാം ഇട്ട് നന്നായി വയ്യറ്റിയെടുക്കുക. ഇതിലേക്കു ഒരു സ്പൂണ്‍ മുളകുപൊടി, അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ മല്ലിപ്പൊടി, കുരുമുളക് പൊടി, ഗരം മസാലയുടെ പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം പാകത്തിനുള്ള വെള്ളവും ഉപ്പും ചേര്‍ത്ത് അതിലേക്ക് ചിക്കന്‍ ഉരുളക്കിഴങ്ങ് അരിഞ്ഞത് എന്നിവയിട്ട് മൂടിവെച്ച് നന്നായി വേവിക്കുക.  
 
ഒരു കപ്പ തേങ്ങ ചിരവിയത്, കറിവേപ്പില, പെരും ജീരകം, ചെറിയ ഉള്ളി, അല്പം മഞ്ഞള്‍ പൊടി എന്നിവ ഒരു ചീനച്ചട്ടിയില്‍ ഇട്ട് വറുത്തെടുക്കുക. അതിനു ശേഷം അത് മിക്സിയിലോ അല്ലെങ്കില്‍ അമ്മിയിലോ ഇട്ട് നന്നായി അരക്കുക. ഈ അരപ്പ് വെന്തുകഴിഞ്ഞ കറിയിലേക്ക് ഒഴിക്കുക. അതിനുശേഷം കറി ഒന്നു കൂടി ചൂടാക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഒരിക്കലും രണ്ടാമതും കറി തിളക്കരുത്. കറി തൂമിക്കാനായി വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും വയറ്റി കറിയിലെക്ക് ചേർക്കുക. ചിക്കന്‍ കറി റെഡി.
Next Article