ഡീസലും പെട്രോളും ജിഎസ്ടിക്ക് കീഴിലാക്കിമാറ്റണമെന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഇക്കാര്യം തീരുമാനമായി. പാര്‍ട്ടി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാര്‍ ഈ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയെങ്കിലും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമതീരുമാനമെടുക്കുകയായിരുന്നു.
പെട്രോളിയം ഉൽപന്നങ്ങളിൽനിന്നുള്ള വരുമാനം ഉപേക്ഷിക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്കു വൻ വരുമാനനഷ്ടമുണ്ടാകുമെന്നായിരുന്നു പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ വാദിച്ചത്. നഷ്ടപരിഹാരം ഉറപ്പാക്കാതെ ഇക്കാര്യം ഉന്നയിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ ഇക്കാര്യത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ജോലിയാണെന്നും ജനങ്ങളുടെ വികാരത്തിനൊപ്പം നിൽക്കണമെന്നുമായിരുന്നു പൊതു വിലയിരുത്തൽ. ഭാരവാഹികളുടെ യോഗത്തില്‍ ക്ഷണിതാക്കളായെത്തിയ സാമ്പത്തിക വിദഗ്ധന്‍ ജയ്‌റാം രമേശും മുന്‍ ധനമന്ത്രി പി ചിദംബരവും ജിഎസ്ടി നിര്‍വഹണത്തിലെ എല്ലാ അപാകതകളും വിശദീകരിക്കുകയും ചെയ്തു.