ജയലളിത അന്തരിച്ച സമയത്ത് ബള്‍ഗേറിയയില്‍ സിനിമാ ഷൂട്ടിംഗിലായിരുന്നു നടന് അജിത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് അവിടെ പുരോഗമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അമ്മയുടെ വിയോഗവാര്‍ത്ത അറിഞ്ഞയുടന്‍ അജിത് അവിടെനിന്ന് ഒരു സന്ദേശം അയച്ചു. യുദ്ധസമാനമായ പോരാട്ടങ്ങള്‍ നടത്തിയ വീരവനിതയായിരുന്നു അമ്മയെന്നും ഈ വാര്‍ത്ത ഞെട്ടലുളവാക്കിയെന്നുമായിരുന്നു അജിത്തിന്റെ സന്ദേശം.
എന്നാല്‍ പിന്നീട് നടന്നത് തീര്‍ത്തും അപ്രതീക്ഷിതമായ ഒരു കാര്യമാണ്. ഷൂട്ടിംഗ് നിര്‍ത്തിവച്ച് അജിത് ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ പറന്നിറങ്ങി. അമ്മയുടെ സംസ്കാരം നടന്ന മറീന ബീച്ച് സന്ദര്‍ശിച്ചു.
ഇതോടെ തമിഴക രാഷ്ട്രീയം പുതിയ ഉണര്‍വ്വിലാണ്. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായി എ ഐ എ ഡി എം കെ പ്രവര്‍ത്തകരും ജനങ്ങളും അജിത്തിനെ പ്രതീക്ഷിക്കുന്നുണ്ട്. ജയലളിതയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന അജിത് ശശികലയുടെയും ഏറ്റവും അടുത്ത സുഹൃത്താണ്. അജിത്തിനെ പിന്‍ഗാമിയാക്കി കൊണ്ടുവരണമെന്ന ആഗ്രഹം ശശികലയ്ക്കും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍സെല്‍വത്തിനും അജിത്ത് ഏറെ പ്രിയപ്പെട്ടവനാണ്. അജിത്ത് പാര്‍ട്ടിയിലേക്ക് വരുന്നതോടെ എ ഐ എ ഡി എം കെ പുതിയ ഉണര്‍വ്വിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. എം ജി ആറിന്റെ കാലത്തെ പാര്‍ട്ടിയുടെ സുവര്‍ണകാലത്തേക്ക് മടക്കിക്കൊണ്ടുപോകാന്‍ അജിത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
എന്തായാലും വരും ദിവസങ്ങളില്‍ അജിത്തിന്റെയും ശശികലയുടെയും പനീര്‍സെല്‍വത്തിന്റെയും നീക്കങ്ങളെ ഉറ്റുനോക്കുകയാണ് നമിഴകം.