'യമുന'യെ തൊട്ടാല്‍ ഇനി കളിമാറും, നദി മലിനമാക്കിയാല്‍ പിഴ 5,000 രൂപ

Webdunia
ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (12:02 IST)
യമുന നദി മലിനമാക്കുന്നവരില്‍ നിന്ന്  5,000 രൂപ പിഴ ഈടാക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. മാലിന്യങ്ങളും മറ്റു നേർച്ചദ്രവ്യങ്ങളും യമുനയിലേക്ക് വലിച്ചെറിയുന്നവരിൽ നിന്നുമാണ് പിഴ ഈടാക്കുക. ഉത്സവ കാലം കണക്കിലെടുത്താണ് പുതിയ തീരുമാനം.

ഡൽഹി പരിസ്ഥിതി മന്ത്രി അസിം അഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. പുജദ്രവ്യങ്ങളോ മറ്റു മാലിന്യങ്ങളോ യമുനയിലേക്ക് എറിയുന്നത് കണ്ടാൽ പൊലീസിനും, ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മറ്റി അധികൃതർക്കും, മുനിസിപ്പല്‍ കോർപ്പറേഷൻ അധികൃതർക്കും പിഴ ഈടാക്കാൻ അധികാരം ഉണ്ടായിരിക്കും. മാലിന്യം എറിയുന്നത് തടയാൻ ബാരിക്കേഡുകൾ നിർമ്മിക്കാനും തീരൂമാനമായിട്ടുണ്ട്.

ഇതു സംബന്ധിച്ച നിർദേശം ദേശീയ ഹരിത ട്രെബ്യൂണൽ ജനുവരിയിൽ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. ഫൈൻ ഈടാക്കാനുള്ള ഹരിത ട്രെബ്യൂണലിന്റെ നിര്‍ദേശം സര്‍ക്കാർ ശക്തമായി നടപ്പാക്കുന്നത് ഇതാദ്യമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.