ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് മായവതി

Webdunia
വെള്ളി, 30 മെയ് 2014 (13:04 IST)
ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് മായവതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ദളിത് വിഭാഗത്തില്‍പ്പെട്ട കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ  പൊലീസുകാര്‍ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിതൂക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മായവതി രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടത്.

ദളിത് വിഭാഗക്കാര്‍ക്ക് നേരയുള്ള ആക്രമണങ്ങള്‍ തടയാന്‍  സംസ്ഥാനം ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്ക് കഴിയുന്നില്ലെയെന്നാണ് മായവതിയുടെ ആരോപണം. അതേ സമയം പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്നുവെന്ന് കരുതുന്ന രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് അതുല്‍ സക്സേന അറിയിച്ചു.

ഇന്നലെ ബദൗന്‍ ജില്ലയിലെ കത്ര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരസംഭവം അരങ്ങേറിയത്. 14, 15ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ അടുത്ത ബന്ധുക്കള്‍ കൂടിയാണ്. ചൊവ്വാഴ്ച രാത്രിമുതല്‍ ഇവരെ കാണാനില്ലായിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിലും എഫ്ഐആര്‍ എടുക്കുന്നതിലും പൊലീസ് വീഴ്ച വരുത്തിയെന്നാരോപിച്ച് ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൃതദേഹങ്ങളുമായി ആ ഭാഗത്തെ റോഡ് ഉപരോധിക്കുകയും ചെയ്തു.