വിവിധ പദ്ധതികള്‍ക്ക് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണും. രണ്ടായിരം കോടിയിലേറെ രൂപയുടെ പദ്ധതികള്‍ക്കുള്ള അനുമതിയാണ് കേരളം പ്രതീക്ഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്‍റെ വന്‍ പ്രതീക്ഷകളായ പാലക്കാട് ഐഐടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് എന്നിവ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കാണ് സഹായം തേടുന്നത്. ഐഐടിയുടെ ആദ്യഘട്ടത്തില്‍ തന്നെ 1500 കോടിയുടെ നിക്ഷേപമെങ്കിലും ആവശ്യമാണെന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മന്ത്രിമാരായ കെഎം മാണി, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, വി എസ് ശിവകുമാര്‍, ഷിബു ബേബിജോണ്‍, പി കെ അബ്ദുറബ്ബ് എന്നിവരും ഉമ്മന്‍ചാണ്ടിയെ അനുഗമിക്കും.
കേന്ദ്രം ഉത്തമമാതൃകയായി അംഗീകരിച്ച കേരള സ്റ്റേറ്റ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (കെ-സാക്ക്) രൂപീകരണത്തിനുള്ള 100 കോടിയുടെ സാമ്പത്തികസഹായവും കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യെ കേന്ദ്രം ഏറ്റെടുത്ത് പ്രത്യേക പദവിയോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍ജിനിയറിംഗ് സയന്‍സ് ആന്‍ഡ് ടെക്നോളജിയായി മാറ്റണമെന്ന അടിയന്തര ആവശ്യവും ഉന്നയിക്കും. കുസാറ്റിനെ ദേശീയ സ്ഥാപനമായി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ പദ്ധതിയിട്ടിരുന്നെങ്കിലും കേരളം തയ്യാറാകാതിരുന്നതിനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇതോടൊപ്പം കുസാറ്റിനായി സംസ്ഥാനം നല്‍കിയ 698.31 കോടി രൂപയുടെ പദ്ധതി അംഗീകരിക്കണമെന്നും ആവശ്യപ്പെടും.
ഫാക്കല്‍റ്റി ട്രെയിനിംഗ് അക്കാദമി പദ്ധതിക്കായി 292 കോടിയുടെ കേന്ദ്രസഹായമാണ് കേരളം തേടുന്നത്. അക്കാദമിയ്ക്കായി വിതുരയില്‍ 50 ഏക്കര്‍സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ മാധ്യമ-സിനിമാ പഠനത്തിനായി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന് 95 കോടിയും തിരൂരങ്ങാടിയില്‍ എഡ്യൂക്കേഷന്‍ സിറ്റിക്കായി 125 കോടിയുടെ പദ്ധതികളും കേന്ദ്രത്തിന് നല്‍കും.
റബറിന്‍റെ വിലയിടിവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിജ്ഞാപനവും ഉള്‍പ്പെടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ഡല്‍ഹിയില്‍ പരിസ്ഥിതി, കൃഷി, മാനവശേഷി മന്ത്രിമാരെയും മുഖ്യമന്ത്രി കാണുന്നുണ്ട്.