ഉഡുപ്പിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ മലയാളിയായ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് ചുംബിച്ച സംഭവത്തില്‍ മലയാളി കൂടിയായ വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കുന്താപുരം താലൂക്കിലെ ക്വാട്ടേശ്വരയിലെ സ്വകാര്യ നേഴ്സിംഗ് ആന്‍ഡ് കൊമേഴ്സ് കോളജിലാണ് സംഭവം. ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് വൈസ് പ്രിന്‍സിപ്പല്‍ അമീറിനെ അറസ്റ്റ് ചെയ്തത്.
അമീറിന്റെ ശല്യം അസഹ്യമായിരുന്നെന്നും ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് പതിവായിരുന്നെന്നും പരാതിക്കാരി പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാല്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ചൂഷണം തുടര്‍ന്നിരുന്നത്. വൈസ് പ്രിന്‍സിപ്പലിന്റെ കൂട്ടാളി ഒരു അധ്യാപികയാണെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.