ലോക്കോ പൈലറ്റില്ലാതെ നീങ്ങിയ ട്രെയിൻ എൻജിൻ ബൈക്കിൽ പിന്തുടർന്നു ജീവനക്കാരൻ നിയന്ത്രണത്തിലാക്കി. കർണാടകയിലെ കലബുറഗിയിലുള്ള വാഡി ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിലാണ് എൻജിൻ 13 കിലോമീറ്ററോളം മുന്നോട്ടു ഉരുണ്ട് പോയത്.
ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെയെത്തിയ ചെന്നൈ – മുംബൈ ട്രെയിനിന്റെ ഇലക്ട്രിക് എൻജിനാണ് നീങ്ങിയത്. വൈദ്യുത എൻജിനു പകരം ഡീസൽ എൻജിൻ ഘടിപ്പിക്കുമ്പോൾ എൻജിനുകൾ നിർത്തി ലോക്കോപൈലറ്റ് പുറത്തിറങ്ങി. ഈ സമയം ഡീസൽ എൻജിൻ എതിർദിശയിലേക്ക് തനിയെ ഓടുകയായിരുന്നു.
ഉടൻതന്നെ റെയിൽവേ അധികൃതർ അടുത്തുള്ള സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയില്‍ എന്ജിന് നീങ്ങിവരുന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെ ട്രാക്കുകളിൽനിന്നു മറ്റു ട്രെയിനുകൾ മാറ്റി. എതിരെവരുന്ന ട്രെയിനുകളും പലയിടങ്ങളിൽ പിടിച്ചിട്ടു.
ഈ സമയം റെയിൽവേ ഉദ്യോഗസ്ഥരിലൊരാൾ ബൈക്കിൽ എൻജിനെ പിന്തുടരുകയും സാഹസികമായി എൻജിനുള്ളിൽ പ്രവേശിച്ച് നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. അപ്പോഴേക്കും വാഡിയിൽനിന്നും പുറപ്പെട്ട എൻജിൻ 13 കിലോമീറ്റർ അകലെ നൽവാർ സ്റ്റേഷനിൽ എത്തിയിരുന്നു. സംഭവത്തിൽ റെയിൽവെ അന്വേഷണത്തിന് ഉത്തരവിട്ടു.