മധ്യപ്രദേശിൽ വന്‍ ട്രെയിന്‍ ദുരന്തം; രണ്ട് ട്രെയിനുകൾ പാളം തെറ്റി, 24 മരണം, 500ലധികം പേരെ രക്ഷപ്പെടുത്തി

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2015 (08:03 IST)
കനത്ത മഴയെതുടര്‍ന്ന്  മധ്യപ്രദേശിലെ ഹാര്‍ദയില്‍ രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റി. അപകടത്തില്‍ 24 പേര്‍ മരിച്ചതായി അതികൃതര്‍ വ്യക്തമാക്കി. 100ഓളം പേർക്കു പരുക്കേറ്റു. 300ൽ അധികം പേരെ രക്ഷപെടുത്തി. മുംബൈ വാരാണസി കാമയാനി എക്സ്പ്രസ് , ജബല്‍ പൂര്‍ മുംബൈ ജനതാ എക്സ്പ്രസുമാണ് പാളം തെറ്റിയത്. മരണസംഖ്യ ഇനിയും ഉയരാനുളള സാധ്യതകള്‍ ഉണ്ടെന്നാണ് അറിയുന്നത്. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ട്രെയിനുകള്‍ നദിയിലേക്ക് വീണില്ലെന്ന് സ്ഥിരീകരിച്ച റെയില്‍വേ അറിയിച്ചു

ചൊവ്വാഴ്‌ച അര്‍ദ്ധരാത്രി 11മണിക്ക് ശേഷം മധ്യപ്രദേശിലെ ഹാര്‍ദ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 25 കിലോമീറ്ററകലെയാണ് ദുരന്തമുണ്ടായത്. മുംബൈയിൽനിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന കാമയാനി എക്സ്പ്രസാണ് ആദ്യം പാളം തെറ്റി മചക് നദിയിലേക്കു മറിഞ്ഞെന്ന് വാര്‍ത്ത പരന്നെങ്കിലും ട്രെയിനുകള്‍ നദിയിലേക്ക് വീണില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.
ട്രെയിൻ പാളംതെറ്റിയതിനെ തുടർന്ന് ആറ് ബോഗികൾ നദിയിൽ വീണതായാണു വിവരം. കനത്ത മഴയെ തുടർന്നു പാളത്തിൽ വെള്ളം കയറിയതാണ് അപകടകാരണമെന്നാണ് സൂചന.

അതേസമയം, ജബൽപൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ജനതാ എക്സ്പ്രസും ഇതേസ്ഥലത്ത് പാളം തെറ്റി. ഈ ട്രെയിനിന്റെ അഞ്ച് ബോഗികളും എൻജിനും പാളംതെറ്റി മറിയുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാമത്തെ ട്രെയിനും ഇതേ സ്ഥലത്ത് പാളം തെറ്റിയത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് സംഭവം.

റെയിൽവേ രക്ഷാസേനയും പൊലീസും ദുരന്ത സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. ജലനിരപ്പ് അപകടകരമായ വിധം ഉയർന്നു കിടക്കുന്ന നദിയിൽ അനേകം പേർ ഒഴുകിപ്പോയതായി കരുതുന്നു. അപകടത്തെ തുടര്‍ന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തേക്ക്  പോയി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി അപകടത്തില്‍ ദുഖം രേഖപ്പെടുത്തി, സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ ദുരന്ത സ്ഥലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെ അറിയിച്ചു