നിതാരി കൂട്ടക്കൊലകേസില്‍ സുപ്രീംകോടതി വധശിക്ഷയ്ക്കു വിധിച്ച മുഖ്യപ്രതി സുരീന്ദര്‍ കോലി(42)യുടെ ശിക്ഷ ഈ മാസം 12ന് നടപ്പാക്കും. മീററ്റ് ജയിലിലാകും കോലിയുടെ വധശിക്ഷ നടപ്പാക്കുക. സുരീന്ദര്‍ കോലിയടക്കം അഞ്ചുപേരുടെ ദയാഹര്‍ജി ജൂലായില്‍ രാഷ്ട്രപതി തള്ളിയിരുന്നു.
ജൂലൈ 27ന് ആണു കോലിയുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയത്. കൊലപാതക പരമ്പരയില്‍, റിംപ ഹല്‍ദറിന്റെ (14) വധവുമായി ബന്ധപ്പെട്ട കേസിലാണു വധശിക്ഷ നടപ്പാക്കുന്നത്. സുരീന്ദര്‍ കോലിക്കെതിരെ ഗാസിയാബാദ് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
നിഥാരി ഗ്രാമത്തിലെ കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി, ശരീരഭാഗങ്ങള്‍ മുറിച്ചു ശീതീകരണിയില്‍ സൂക്ഷിക്കുകയും പിന്നീടു വീടിനു പിന്നിലുള്ള അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്നാണു കേസ്. 16 തലയോട്ടികള്‍ കണ്ടെത്തി. കോലി ജോലിചെയ്തിരുന്ന വീടിന്റെ ഉടമ മൊഹീന്ദര്‍ സിങ് പാന്ഥറാണു ചില കേസുകളില്‍ രണ്ടാം പ്രതി. വിചാരണ പൂര്‍ത്തിയായ കേസുകളില്‍ പാന്ഥറെ വിട്ടയച്ചിരുന്നു.
അതേ സമയം സുരീന്ദറിനു മേല്‍ ചുമത്തിയിരിക്കുന്ന മറ്റുകേസുകളില്‍ വിചാരണ അവസാനിക്കാത്തതിനാല്‍ വധശിക്ഷ വൈകിയേക്കുമെന്നു സൂചനയുണ്ട്. ഗാസിയാബാദിലെ ജയിലിലാണു കോലിയിപ്പോള്‍. പുനഃപരിശോധനാ ഹര്‍ജി തള്ളിയിട്ടും വധശിക്ഷ നടപ്പാക്കാത്ത കേസിലെ പ്രതികള്‍ക്ക് ഒരിക്കല്‍ക്കൂടി ഹര്‍ജി നല്‍കാമെന്ന സുപ്രീം കോടതി വിധിയും ശിക്ഷ നടപ്പാക്കുന്നതു വൈകിപ്പിച്ചേക്കാം. രണ്ടാം പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയമാണു ചൊവ്വാഴ്ചത്തെ വിധിയില്‍ സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്.