പ്രശസ്ത നടി സുകന്യയ്ക്ക് സണ്‍ ടി വി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചെന്നൈ ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടു. സുകന്യയ്ക്ക് 10,00,500 രൂപയാണ് സണ്‍ നെറ്റ് വര്‍ക്ക് നടിക്ക് നല്‍കേണ്ടി വരുക. 1996 ല്‍ സണ്‍ ടി വി സംപ്രേക്ഷണം ചെയ്ത ചന്ദനകൊള്ളക്കാരന്‍ വീരപ്പന്റെ അഭിമുഖത്തില്‍ സുകന്യയ്ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം അടങ്ങിയിരുന്നു. ഇതിനെതിരെ സുകന്യ ഫയല്‍ ചെയ്ത കേസിലാണ് കോടതി നടപടി.
പ്രമുഖ തമിഴ് മാസികയായ നക്കീരനു നല്‍കിയ അഭിമുഖമാണ് സണ്‍ ടിവി സംപ്രേഷണം ചെയ്തത്. സംഭവത്തില്‍ സണ്‍ ടി വിയ്ക്കും, നക്കീരന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലനെതിരേയും, വീരപ്പനെതിരേയും മദ്രാസ് ഹൈക്കോര്‍ട്ടില്‍ നടി കേസ് ഫയല്‍ ചെയ്തിരുന്നു.പിന്നീട് ഈ കേസ് മദ്രാസ് ഹൈക്കോടതി ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റിയിരുന്നു.
മാസികയും ചാനലും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന്‍റെ വീഡിയോ ചാനലിനു നല്‍കിയതെന്നും പരിപാടി സംപ്രേഷണം ചെയ്തതിന്‍റെ ഉത്തരവാധിത്തം തനിക്കല്ലെന്നും ഗോപാലന്‍ കോടതിയെ അറിയിച്ചു. കേസില്‍ നക്കീരന്‍ ഗോപാലനെ കോടതി കുറ്റവിമുക്തനാക്കി.