സിമിക്ക് ജീവന്‍ നല്‍കാന്‍ ഐഎസ്ഐ നീക്കം

Webdunia
ചൊവ്വ, 24 ജൂണ്‍ 2014 (13:38 IST)
നിരോധിത തീവ്രവാദ സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക്‌ മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി )എന്ന ഭീകര സംഘടനയെ വീണ്ടും സജീവമാക്കാന്‍ പാക് ചാര സംഘടന ഐഎസ്‌ഐ പരിശ്രമിക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ മുജാഹിദീനു പിന്നാലെ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനകള്‍ കണ്ണുകള്‍ തിരിച്ചു വച്ചിരിക്കുന്നതിനല്‍ ഇന്ത്യയില്‍ ഭീകരാക്രമനങ്ങള്‍ പണ്ടത്തേപ്പോലെ നടത്താന്‍ ഐഎസ്‌ഐക്ക് സാധിക്കതെ വരുന്നതാണ് നീക്കത്തിനു പിന്നില്‍. ഇന്ത്യന്‍ മുജാഹിദിനെ ഐഎസ്ഐ കൈവിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തു വന്നിരുന്നു.

സിമിയുടെ പഴയ പ്രവര്‍ത്തകരേയും ,അനുഭാവികളെയും കൂട്ടിയോജിപ്പിക്കാനും വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കാനുമുള്ള ചുമതല ഐ എസ് ഐ ഏല്‍പ്പിച്ചിരിക്കുന്നത് അബ്ദു സുബാന്‍ ഖുറേഷി എന്ന തൗഖിറിനെയാണ്.

ഇയാള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് രാജ്യത്തുടനീളം സഞ്ചരിക്കുന്നതായി സുരക്ഷ ഏജന്സികള്‍ സംശയിക്കുന്നു. കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഇയാള്‍ക്ക് ശക്തമായ ബന്ധങ്ങളും സുരക്ഷാസാങ്കേതങ്ങളുമുണ്ട്.

2007 ലെ വാഗമണ്‍ തീവ്രവാദ ക്യാമ്പ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മാത്രമല്ല 2008 ലെ ബാംഗളുര്‍ സ്ഫോടനം പോലെയുള്ള ആക്രമണങ്ങള്‍ക്കും കേരളം ഒരു സുരക്ഷിത താവളമായി സിമി ഭീകരര്‍ ഉപയോഗിച്ചതായി നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിങ്ങ് എജന്‍സി (എന്‍‌ഐഎ)നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പുതിയറിപ്പോര്‍ട്ട് വന്നതൊടെ സംസ്ഥാനത്തിനു മേല്‍ കേന്ദ്ര സമ്മര്‍ദ്ദം ഏറുമെന്നുറപ്പാണ്.