ഘടകകക്ഷികള്‍ മുന്നണി വിട്ടു; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശിവസേന

Webdunia
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (10:28 IST)
മഹാരാഷ്‌ട്രയില്‍ സീറ്റ് വിഹിതം കുറഞ്ഞതില്‍ പ്രതിഷേധിച്ച് ഘടകകക്ഷികള്‍ മുന്നണി വിട്ടു. ബിജെപിയും ശിവസേനയും സീറ്റുകള്‍ വീതം വച്ചപ്പോള്‍ തങ്ങളുടെ വിഹിതം കുറഞ്ഞതാണ് ഘടകകക്ഷികളെ മുന്നണി വിടാന്‍ പ്രേരിപ്പിച്ചത്.

സ്വാഭിമാനി ശ്വേത്‌കാരി സംഘടന(എസ്എസ്എസ്), രാഷ്‌ട്രീയ സമാജ് പാര്‍ട്ടി(ആര്‍എസ്പി), ശിവ് സഗ്രാം പാര്‍ട്ടി(എസ്എസ്പി) എന്നീ കക്ഷികളാണ് ബിജെപിയും ശിവസേനയും വഞ്ചിച്ചെന്ന് ആരോപിച്ചുകൊണ്ട് 'മഹായുതി"(വിശാല സഖ്യം)​ വിട്ടത്.

അതേസമയം,​ 150 സീറ്റില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ വിട്ടുനല്‍കേണ്ടത് ബിജെപിയാണെന്നും ശിവസേന നേതാവ് രാംദാസ് കാദം ബുധനാഴ്ച വ്യക്തമാക്കി. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘടകകക്ഷികള്‍ക്ക്  അഞ്ച് സീറ്റ് വിട്ടുനല്‍കാന്‍ ബിജെപി തയ്യാറായാലും തങ്ങള്‍ വിട്ടുകൊടുത്ത  ഒന്‍പത് സീറ്റുകള്‍ അവര്‍ക്ക് അധികമുണ്ട്. സഖ്യത്തെ നിലനിര്‍ത്താന്‍  18 സീറ്റുകള്‍ ശിവസേന ത്യജിച്ചുകഴിഞ്ഞു. 150 സീറ്റില്‍ കുറഞ്ഞ ഒരു മത്സരത്തിനും ഒരുക്കമല്ലെന്നും രാംദാസ് കാദം പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടാക്കിയ ധാരണ പ്രകാരം 288 അംഗ നിയമസഭയില്‍ ശിവസേന 151 സീറ്റിലും ബിജെപി 130 സീറ്റിലും മത്സരിക്കാന്‍ ധാരണയായിരുന്നു. ഘടകകക്ഷികള്‍ക്ക് ഏഴു സീറ്റുകളാണ് നീക്കിവച്ചിരുന്നത്. 2009ല്‍ സഖ്യകക്ഷികള്‍ക്ക് 18 സീറ്റുകള്‍ നല്‍കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.