നരഹത്യക്കേസ്: സല്‍മാന്‍ ഖാനെ വെറുതെ വിട്ടു

Webdunia
വ്യാഴം, 10 ഡിസം‌ബര്‍ 2015 (13:52 IST)
ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പ്രതിയായ നരഹത്യ കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാനെ വെറുതെ വിട്ടു. മൂന്നു ദിവസമായി നടന്നുവന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് എ ആര്‍ ജോഷി തുറന്ന കോടതിയില്‍ ബുധാഴ്ച വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്.
 
സല്‍മാനെതിരായ കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്നും സല്‍മാനെതിരായ മൊഴി വിശ്വസനീയമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നരഹത്യക്കേസില്‍ വിചാരണക്കോടതിയുടെ വിധിയെ തള്ളിയ ബോംബെ ഹൈക്കോടതി, വിചാരണക്കോടതി വിധിച്ച ശിക്ഷയും റദ്ദു ചെയ്തു. അഞ്ചുവര്‍ഷത്തെ തടവുശിക്ഷയായിരുന്നു വിചാരണക്കോടതി വിധിച്ചത്. നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്കിയതിനെ തുടര്‍ന്ന് സല്‍മാന്‍ കോടതിയില്‍ എത്തിയിരുന്നു. കോടതിയില്‍ സല്‍മാന്റെ പ്രസ്താവനയില്‍ ആയിരുന്നു വിധി പ്രസ്താവിച്ചത്.
 
പതിമൂന്നു വര്‍ഷം മുമ്പായിരുന്നു സല്‍മാന്റെ വാഹനമിടിച്ച് ഒരാള്‍ മരിച്ചത്. കേസില്‍ പ്രധാന സാക്ഷിയായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴി വിശ്വസനീയമല്ലെന്നുള്ള പ്രധാനപ്പെട്ട നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. രവീന്ദ്ര പാട്ടീല്‍ 2007ല്‍ മരിച്ചിരുന്നു. സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നപ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നില്ല.
 
2002ല്‍ സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന വാഹനം ബാന്ദ്രയിലെ ബേക്കറിക്കു മുമ്പില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടമാണ് കേസിനാധാരം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
 
തുടര്‍ന്ന്, സെഷന്‍സ് കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യക്കേസില്‍ നടനെ അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചത്. എന്നാല്‍, അന്നുതന്നെ സല്‍മാന് ഹൈക്കോടതിയില്‍ നിന്ന്  ജാമ്യം ലഭിച്ചിരുന്നു.