അഴിമതി; ഗോവന്‍ മുന്‍ പൊതുമരാമത്ത് മന്ത്രി അറസ്റ്റില്‍

വ്യാഴം, 6 ഓഗസ്റ്റ് 2015 (11:57 IST)
അഴിമതിക്കേസില്‍ ഗോവ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി ചര്‍ച്ചില്‍ അലിമാവോ അറസ്റ്റിലായി. ബുധനാഴ്ച രാത്രി ക്രൈംബ്രാഞ്ചാണ് അലിമാവോയെ അറസ്റ്റ് ചെയ്തത്. 2009-2010 കാലഘട്ടത്തില്‍ ലൂയിസ്‌ ബെര്‍ജര്‍ കമ്പനിക്ക്‌ പദ്ധതികള്‍ അനുവദിക്കുന്നതിന്‌ വേണ്ടി കോടികള്‍ കൈക്കൂലി വാങ്ങിയെന്ന കേസിലാണ്‌ അറസ്‌റ്റ്. കേസില്‍ ചര്‍ച്ചില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. ഇന്ന്‌ പുലര്‍ച്ചെയാണ്‌ അറസ്‌റ്റ് നടന്നത്‌.

ഗോവയില്‍ ജല മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ കരാര്‍ ലഭിക്കാന്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുയിസ് ബെര്‍ഗെര്‍ ഇന്റര്‍നാഷണല്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്ന് ആറു കോടി രൂപ കോഴവാങ്ങിയെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അലിമാവോ.

1,031 കോടി രൂപയുടെ അഴുക്കുചാല്‍ നിര്‍മ്മാണക്കരാര്‍ സ്വന്തമാക്കുന്നതിനുവേണ്ടി അന്താരാഷ്‌ട്ര കമ്പനിയായ ലൂയിസ്‌ ബെര്‍ജര്‍ രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കുമായി 9,76,630 ഡോളര്‍ കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തലാണ്‌ കേസിന്‌ ആധാരം. പദ്ധതി ഡയറക്‌ടര്‍ ആനന്ദ്‌ വചസുന്ദര്‍, ലൂയിസ്‌ ബെര്‍ജര്‍ ഇന്ത്യന്‍ ഘടകത്തിന്റെ മേധാവി സത്യകാം മൊഹന്തി എന്നിവരെ നേരത്തെ അറസ്‌റ്റുചെയ്‌തിരുന്നു.

കേസില്‍ ചര്‍ച്ചിലിന്‌ പ്രാദേശിക കോടതി ഓഗസ്‌റ്റ് ഏഴ്‌  വരെ ഇടക്കാലജാമ്യം നല്‍കിയിരുന്നു. 2010 ലാണ് ഈ കരാര്‍ ഉറപ്പിച്ചത്.1200 കോടി രൂപയുടെ ജലമലിനജല ശുദ്ധീകരണ പ്ലാന്റിലെ ജോലി മൂന്നുവര്‍ഷമായി നടന്നുവരികയാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്തിനും അഴിമതിയില്‍ പങ്കുണ്ടെന്നാണ് ആരോപണം. കാമത്ത് കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക