ഭാരത് മാതാ കീ ജെയ് വിളിക്കാത്തവരുടെ തല വെട്ടണം: ബാബ രാംദേവ്

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2016 (17:15 IST)
ഭാരത് മാതാ കീ ജയ് വി‌ളിക്കാത്തവരുടെ തലവെട്ടുകയാണ് വേണ്ടതെന്നും നിയമത്തെ ബഹുമാനിക്കുന്നതിനാലാണ് താൻ അത് ചെയ്യാത്തതെന്നും യോഗാ ഗുരു ബാബാ രാംദേവ് പ്രഖ്യാപിച്ചു. നിയമത്തിൽ താൻ വിശ്വാസമർപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ബാബാ രാംദേവ് വ്യക്തമാക്കി.
 
ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ അതോർത്ത് ലജ്ജിക്കണമെന്നും മാതൃരാജ്യത്തെ അവഹേളിക്കുകയാണ് അവർ ചെയ്യുന്നതെന്നും ഗുരു അറിയിച്ചു. അവർ ഭാരതത്തെ ബഹുമാനിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത് മാതാ കീ ജയ് വിളിയുമായി പ്രമുഖർ രംഗത്ത് വന്നതിനെത്തുടർന്നാണ് സംഭവം വാർത്തയാകുന്നത്.
 
ഭാരത് മാതാ കീ ജയ് വിളിക്കാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്നാരോപിച്ച് മാഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത് വിവാദമായതോടെ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടുച്ചുവെന്ന് ആരോപിച്ച് ഫഡ്‌നാവിസ് വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. പുതുതലമുറയെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച് ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും രംഗത്ത് വന്നിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം