റിയോ ഒളിമ്പിക്സ്: സ്വർണം നേടുന്ന ഇന്ത്യൻ താരങ്ങൾക്ക് 50 ലക്ഷം പാരിതോഷികം

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (14:09 IST)
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാര്‍ണിവല്‍ നഗരത്തില്‍ ഇന്ന് തുടക്കം കുറിച്ച റിയോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടുന്ന ഇന്ത്യൻ താരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ പ്രഖ്യാപിച്ചു. സ്വർണം നേടുന്നവർക്ക് മാത്രമല്ല, വെള്ളി, വെങ്കലം എന്നീ മെഡലുകൾ സ്വന്തമാക്കുന്നവർക്കും പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
 
വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 30 ലക്ഷവും, വെങ്കലം നേടുന്നവര്‍ക്ക് 25 ലക്ഷവുമാണ് സമ്മാനം. ടീം മാനേജര്‍മാരുടേയും പരിശീലകരുടേയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. സ്വര്‍ണം നേടുന്ന കായികതാരത്തിന്റെ പരിശീലകന് 25 ലക്ഷം രൂപ ലഭിക്കും. വെള്ളി, വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ പകുതിയാണ് അതത് പരിശീലകര്‍ക്ക് ലഭിക്കുക. 
 
നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമായി ബ്രസീലിലെ മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്‌സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെയും മാത്രമല്ല പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൗതുകങ്ങളുടെയും ഒരു വേദിയാകും മാറക്കാനയെന്ന് സംശയമില്ല.
Next Article