തന്നെയും സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഞായര്‍, 21 ഫെബ്രുവരി 2016 (18:08 IST)
തന്നെയും സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജെ എന്‍ യു സംഭവത്തിനു ശേഷം ഇത് ആദ്യമായിട്ടാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. ഒഡീഷയില്‍ കര്‍ഷകറാലിയില്‍ സംസാരിക്കുമ്പോള്‍ ആണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. പൊതുസ്വത്ത് കൈയേറാന്‍ താന്‍ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 
സര്‍ക്കാരിനെയും തന്നെയും തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണ്. വിദേശഫണ്ട് പറ്റുന്ന എൻ ജി ഒകളാണ് ഇതിന് പിന്നില്‍. വിദേശ പണത്തിന്റെ ഉറവിടം ചോദിച്ചതാണ് തനിക്കെതിരെ നീങ്ങാൻ കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, അപമാനിച്ച് തകർക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മോഡി വ്യക്തമാക്കി.
 
ചായ വിൽപനക്കാരനായ താൻ പ്രധാനമന്ത്രിയാകുമെന്ന് ആരും കരുതിയില്ല. താൻ തെരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ്. ഈ സർക്കാർ പാവപ്പെട്ടവർക്കും ദലിതർര്‍ക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
അതേസമയം, ജെ എന്‍ യു വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല.

വെബ്ദുനിയ വായിക്കുക