പരിശീലനത്തിനിടെ ടാങ്കില്‍ നിന്ന് വെടിയേറ്റ് സൈനികോദ്യോഗസ്ഥന്‍ മരിച്ചു

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (19:36 IST)
പരിശീലനത്തിനിടെ ടാങ്കില്‍ നിന്ന് വെടിയേറ്റ് സൈനികോദ്യോഗസ്ഥന്‍ മരിച്ചു. 75 ആര്‍മേഡ് റെജിമെന്റിലെ അംഗമായ മേജര്‍ ധ്രുവ് യാദവ് ആണ് മരിച്ചത്. ഹരിയാണ സ്വദേശിയായ ഇയാള്‍ക്ക് 32 വയസ്സായിരുന്നു.
 
പരിശീലനത്തിന്റെ ഭാഗമായി നടന്ന സൈനികാഭ്യാസത്തിനിടെ ആയിരുന്നു അപകടം. അര്‍ജുന്‍ ടാങ്കില്‍ പരിശീലനം നടത്തി കൊണ്ടിരിക്കുകയായിരുന്ന യാദവിന് പിറകില്‍ ഉണ്ടായിരുന്ന മറ്റൊരു ടാങ്കില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയിലെ പൊഖ്‌റാനില്‍ ആണ് അപകടം ഉണ്ടായത്.
 
യാദവിന്റെ കഴുത്തിനാണ് വെടിയേറ്റത്. അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും യാദവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഡെഹ്‌റാഡൂണിലെ സൈനിക അക്കാദമിയില്‍ ഇന്‍സ്ട്രക്ടറായിരുന്നു.