വ്യാജന്മാരേ തറപറ്റിക്കാന്‍ ഇനി നോട്ടുകള്‍ പ്ലാസ്റ്റിക്കാകും!

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (17:24 IST)
വിദേശ രാജ്യങ്ങളെ മാതൃകയാക്കി ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍ പ്ലാസ്‌റ്റിക്‌ നോട്ടുകള്‍ ഇറക്കാന്‍ ആലോചന. പ്രമുഖമായും വ്യാജ കറന്‍സിയെ തടയാനായിട്ടാണ് പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കാന്‍ ആര്‍ബി‌ഐ തീരുമാനിച്ചിരിക്കുന്നത്. 2015 ഓടെ പരീക്ഷണാടിസ്ഥാനത്തില്‍ ചില നഗരങ്ങളില്‍ മാത്രമാണ് പ്ലാസ്റ്റിക്ക് നോട്ടുകള്‍ പുറത്തിറക്കുന്നത്.

പേപ്പര്‍ നോട്ടുകള്‍ക്ക്‌ പകരം പ്ലാസ്‌റ്റിക്ക്‌ നോട്ടുകള്‍ അവതരിപ്പിക്കുന്നതിലൂടെ നോട്ടിന്റെ ആയുസ്‌ കൂട്ടാന്‍ സഹായകരമാകുമെന്നും റിസര്‍വ്‌ ബാങ്ക്‌ അധികൃതര്‍ കരുതുന്നു. എളുപ്പം അഴുക്ക് പിടിക്കുകയോ കീറിപ്പോവുകയോ ചെയ്യുകയില്ല എന്നതാണ് പ്ലാസ്റ്റിക് നോട്ടുകളുടെ മേന്മയായി ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നത്.

അഞ്ച്‌ ഇന്ത്യന്‍ നഗരങ്ങളില്‍ പ്ലാസ്‌റ്റിക്‌ നോട്ട്‌ പരീക്ഷണാടിസ്‌ഥാനത്തില്‍ പുറത്തിറക്കും‌. കൊച്ചി, മൈസൂര്‍, ജെയ്‌പ്പൂര്‍, ഭുവനേശ്വര്‍, ഷിംല എന്നിവടങ്ങളിലാണ്‌ പ്ലാസ്‌റ്റിക നോട്ടുകള്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ പുറത്തിറക്കുക‌. വ്യത്യസ്തമായ കാലാവസ്ഥകളുള്ള നഗരങ്ങളിലേക്കാണ് ആദ്യം നോട്ടുകളെത്തുക. പ്ലാസ്റ്റിക്ക് നോട്ടുകള്‍ ഓരോ കാലാവസ്ഥയേയും എങ്ങനെ അതിജീവിക്കുന്നു എന്ന് മനസ്സിലാക്കലാണ് ലക്ഷ്യം. 2015 ഓടെ ഇത്തരത്തിലുള്ള നോട്ടുകള്‍ പ്രചാരത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ ജനുവരിയിലാണ്‌ പ്ലാസ്‌റ്റിക്‌ നോട്ടുകള്‍ പുറത്തിറക്കാനുള്ള ടെന്‍ഡര്‍ റിസര്‍വ്‌ ബാങ്കിന്‌ ലഭിച്ചത്‌. ആദ്യ ഘട്ടത്തില്‍ അഞ്ച്‌, പത്ത്‌, ഇരുപത്‌ രൂപാ നോട്ടുകളാകും പ്ലാസ്‌റ്റിക്കില്‍ പുറത്തിറക്കുക.  കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ചേര്‍ത്ത് കള്ള നോട്ടിനെ തടയാന്‍ കഴിയുമെന്നും ആര്‍. ബി ഐ കരുതുന്നു . കഴിഞ്ഞ മെയില്‍ റിസര്‍വ് ബാങ്ക് ബോര്‍ഡ യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു.