ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമസേനാതാവളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തി. പതിനൊന്നരയോടെയാണ് പ്രധാനമന്ത്രി വ്യോമതാവളത്തില്‍ എത്തിയത്. വ്യോമസേനാ താവളത്തില്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉദ്യോഗസ്ഥരെസൈനിക സന്ദര്‍ശിക്കും. കൂടാതെ, അതിര്‍ത്തിയില്‍ വ്യോമ നിരീക്ഷണം നടത്തുകയും ചെയ്യും.
അതേസമയം, പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് പ്രതികരിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ, ഇന്ത്യയെ ഞെട്ടിച്ച പത്താന്‍കോട്ട് സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ പ്രതിരോധ ഏജന്‍സികളെ പരിഹസിച്ച് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ രംഗത്തെത്തി. പതിമൂന്ന് മിനിറ്റുള്ള വീഡിയോയില്‍ ഭീകരര്‍ എങ്ങനെയാണ് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതെന്നും ദൗത്യം വിജയകരമായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.
ഭീകരാക്രമണത്തില്‍ എത്ര ഭീകരരാണ് പങ്കാളികളായിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇന്ത്യക്കായില്ല. ആദ്യം ആറെന്നും പിന്നീട് അഞ്ചെന്നും അതിനുശേഷം നാലെന്നുമാണ് പറഞ്ഞത്. മൂന്നു ദിവസത്തോളം ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയ ഭീകരര്‍ ദൗത്യത്തിന്‍റെ വിജയമായി. ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്കും നേരെ വെടിയുതിര്‍ക്കാന്‍ ഭീകരര്‍ക്കായെന്നും ജെയ്ഷെ മുഹമ്മദ് വ്യക്തമാക്കി.