പത്താന്‍കോട്ട്; പിന്നില്‍ ജയ്‌ഷെ മുഹമ്മദ്, ഇന്ത്യ- പാക് ബന്ധം ഉലയും

Webdunia
തിങ്കള്‍, 4 ജനുവരി 2016 (15:01 IST)
പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയത് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണെന്ന് സംശയം. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്ഥാനുമായും ജയ്‌ഷെ മുഹമ്മദുമായും ബന്ധപ്പെട്ടതായി തെളിവു ലഭിച്ചു. ഈ സാഹചര്യത്തില്‍ പാകിസ്ഥാനുമായി നടത്താനിരുന്ന സെക്രട്ടറിതല ചര്‍ച്ച മാറ്റിവെക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.

പാകിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനും പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതി പ്രശ്‌നത്തില്‍ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെടും. ഇന്ത്യയുടെ നിലപാടുകളോട് പാകിസ്ഥാന്‍ അനുകൂല മനോഭാവം പുലര്‍ത്തുന്നില്ലെങ്കില്‍ നിലപാട് കടുപ്പിക്കാനും ഇന്ത്യ തീരുമാനിച്ചു.

അതേസമയം, വ്യോമതാവളത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇത് മൂന്നാം ദിവസമാണ് ഭീകരരുമായുള്ള പോരാട്ടം നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ചു ഭീകരരാണ് കൊല്ലപ്പെട്ടത്. അതേസമയം, എയര്‍ ബേസില്‍ തിരച്ചില്‍ നടക്കുകയാണ്. രണ്ട് ഭീകരര്‍ ഇപ്പോഴും എയര്‍ബേസില്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്. ഭീകരരുമായുള്ള പോരാട്ടത്തില്‍ ഇതുവരെ ഏഴു സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയായ നിരഞ്ജന്‍ കുമാറും  ഉള്‍പ്പെടുന്നു.

ഇതിനിടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നും ഭീകരരുടെ മൃതദേഹങ്ങള്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞദിവസം, കൊല്ലപ്പെട്ട സൈനികന്റെ ശരീരത്തിലെ സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്യുന്നതിനിടെ ആയിരുന്നു നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത്.