സംവരണം: ഗുജറാത്തില്‍ ഇന്ന് ബന്ദ്‌, അഹമ്മദാബാദിൽ കർഫ്യൂ

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2015 (09:28 IST)
സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടേല്‍ സമുദായം ആഹ്വാനം ചെയ്ത ബന്ദിനെത്തുടര്‍ന്ന് ഗുജറാത്തിന്റെ പലഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെവ്വാഴ്‌ച നടന്ന കൂറ്റൻ പ്രകടനത്തിനു ശേഷം പൊലീസുകാരും സമരക്കാരും പലയിടത്തും ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.

അഹമ്മദാബാദിലെ ഒമ്പത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദില്‍ ബസുകളും പൊലീസ് എയ്ഡ് പോസ്റ്റുകളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഗതാഗതം തടയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്‌തു. ആക്രമം ശക്തമായതിനെ തുടര്‍ന്ന് ‘മഹാ ക്രാന്തി റാലി’യിൽ സമുദായ നേതാവും പ്രക്ഷോഭത്തിന്റെ തലവനുമായ ഇരുപത്തിയൊന്നുകാരനായ ഹർദീക് പട്ടേ അറസ്റ്റ് ചെയ്തെങ്കിലും ചെവ്വാഴ്‌ച തന്നെ വിട്ടയച്ചിരുന്നു. ഹർദീക് പട്ടേലിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളി‍ൽ പ്രവർത്തകർ അക്രമാസക്തരായി. വാഹനങ്ങൾ കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദിലും സുറത്തിലുമായിരുന്നു അക്രമം അരങ്ങേറിയത്. ഇന്നു രാവിലെയായതോടെ സൂറത്തിലെ അക്രമത്തിന് അയവ് വന്നിട്ടുണ്ട്.

ഒബിസി സംവരണമെന്ന ആവശ്യവുമായി വിവിധ പട്ടേല്‍ സംഘടനകള്‍ സംയുക്തമായി നടത്തിവരുന്ന പ്രകടനങ്ങളില്‍ ഏറ്റവും വലുതായിരുന്നു ചൊവ്വാഴ്ച അഹമ്മദാബാദിലെ പട്ടേല്‍ ക്രാന്തി റാലി. മൂന്നര ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന ജിഎംഡിസി മൈതാനം രാവിലെ ഒമ്പത് മണിയോടെ നിറഞ്ഞുകവിഞ്ഞു. 20 ലക്ഷം പേരെത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടതെങ്കിലും ആറുലക്ഷം പേരെങ്കിലും എത്തിയിട്ടുണ്ട്.