കശ്മീരിലെ പാംപോറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടരുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബഹുനിലക്കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരുമായാണ് ഇന്നലെ രാവിലെ മുതല്‍ സൈന്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. കെട്ടിടത്തിനുള്ളിൽ മൂന്നു ഭീകരരാണ് ഉള്ളതെന്ന അനുമാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ. ഏറ്റുമുട്ടലിൽ ഇന്നലെ ഒരു സൈനികന് പരുക്കേറ്റിരുന്നു.
ഓൻട്രപ്രനർഷിപ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ഇവിടം പൂർണമായും സൈന്യം വളഞ്ഞിരിക്കുകയാണ്. 50ല്‍ അധികം മുറികളുള്ള ഒരു കെട്ടിടമാണ് ഇത്. ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കെട്ടിടത്തിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ആറാമത്തെയോ ഏഴാമത്തെയോ നിലയിലായിരിക്കും ഭീകരര്‍ പതിയിരിക്കുന്നതെന്ന കനക്കുകൂട്ടലിലാണ് സൈന്യം.
ഭീകരരെ ജീവനോടെ പിടികൂടുന്നതിനായാണ് സൈന്യം ശ്രമിക്കുന്നത്. അതിനു കഴിയാതെ വന്നാല്‍ മാത്രമേ വെടിവച്ചു കൊല്ലുകയുള്ളൂ. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ഝലം നദിയിലൂടെ ബോട്ടിലാണ് ഭീകരർ ഇവിടെയെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ സ്ഥലത്തു ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 48 മണിക്കൂര്‍ നീണ്ട ആ ഏറ്റുമുട്ടലിൽ രണ്ടു ജവാന്‍മാരും ഒരു നാട്ടുകാരനും മൂന്നു ഭീകരരുമാണ് കൊല്ലപ്പെട്ടത്.