കവർച്ചക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ വെടിയേറ്റ പൊലീസുകാരൻ മരിച്ചു. പൊലീസ് കോൺസ്റ്റബിൾ ആനന്ദ് സിങ്ങാണ് കൃത്യനിർവഹണത്തിനിടെ ദാരുണമായ അന്ത്യം സംഭവിച്ചത്. ഇന്നലെ ഡൽഹിയിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
വെടിയേറ്റ പൊലീസുകാരന്‍ ജീവനുവേണ്ടി പൊരുതുമ്പോൾ സഹായിക്കാനുള്ള മനസ്സുകാണിക്കാതെ നൂറ്റമ്പതോളം പേരാണ് കണ്ടുനിന്നത്. മൂന്നുപേർ ചേർന്ന് ഒരു സ്ത്രീയെ കൊള്ളയടിക്കുന്നതു തടയാനെത്തിയപ്പോളാണ് ആനന്ദ് സിങ്ങിന് വെടിയേറ്റത്. ആനന്ദിനെ വെടിവച്ചുവീഴ്ത്തിയ അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.
വെടിയേറ്റിട്ടും അക്രമികളുടെ പിന്നാലെ ആനന്ദ് ഓടി. പക്ഷേ അവരെ പിടികൂടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തുടര്‍ന്ന് കുഴഞ്ഞുവീണ ആനന്ദിനെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ ചുറ്റുംകൂടിയ ആൾക്കൂട്ടം തയ്യാറായില്ല. സംഭവസ്ഥലത്തെത്തിയ പൊലീസാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചിരുന്നു.
1988 ലായിരുന്നു ആനന്ദ് സിങ് ഡൽഹി പൊലീസിൽ ചേർന്നത്. ആനന്ദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനു ഡൽഹി സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.