വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കുമെന്ന് മോഡി

Webdunia
ശനി, 30 മെയ് 2015 (10:09 IST)
വിരമിച്ച പട്ടാളക്കാർക്ക് ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുള്ളതാണ്. ഇതിൽ മാറ്റമുണ്ടാകില്ലെന്നും മോഡി ട്വീറ്റ് ചെയ്തു. ഒരേ സേവന കാലാവധിയുള്ളവരും ഒരേ റാങ്കില്‍നിന്നു പിരിഞ്ഞവരുമായ എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഇനി മുതല്‍ ഒരേ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് ഇത്. നിലവിലെ സ്ഥിതി അനുസരിച്ചു നേരത്തേ വിരമിച്ചവര്‍ക്കു കുറഞ്ഞ പെന്‍ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പദ്ധതി നടപ്പിലാക്കുമെന്നത് ബിജെപിയുടെ വാഗ്ദാനമായിരുന്നു. സംഭവം നടപ്പിലാക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് കൊണ്‍ഗ്രസ് പിന്തുണയോടെ വിമുക്ത ഭടന്മാര്‍ പ്രക്ഷോഭം നടത്താന്‍  ഒരുങ്ങുന്നതിനിടെയാണ് മോഡിയുടെ ട്വീറ്റ് വന്നിരിക്കുന്നത്.  ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നും എന്ന് ഇത് നിലവിൽ വരുമെന്ന് ഉറപ്പു നൽകാനാകില്ലെന്നും പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഇന്നലെ പറഞ്ഞിരുന്നു.

വ്യാഴാഴ്ച പൂനെയിൽ പരീക്കർ പങ്കെടുത്ത ഒരു ചടങ്ങിൽ വച്ചാണ് പരീഖര്‍ ഇത്തരത്തില്‍ പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് നിന്ന് രണ്ടു ജവാന്മാർ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഈ സാഹചര്യത്തിലാണ് മോഡി സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചിരിക്കൂന്നത്.