എണ്ണവില കുറയ്ക്കാത്ത മോഡി ജനവഞ്ചകനാണോ?

Webdunia
ശനി, 17 ജനുവരി 2015 (12:05 IST)
രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നീക്കം നടത്തുകയാണ്. ഘര്‍വപസിയും വര്‍ഗീയതയുമൊന്നുമല്ല പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ഉന്നം. പിന്നെയൊ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പെട്രോള്‍ ഡീസല്‍ വില എന്ന വജ്രായുധമാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ ഉള്ളത്. വരുന്ന മാസങ്ങളില്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരും.
 
സത്യത്തില്‍ രാജ്യത്തെ എല്ലാവരും പറയുന്നു എണ്ണവിലകുറയ്ക്കാതെ മോഡി കൊണ്‍ഗ്രസിന്റെ തുടര്‍ഭരണമാണ് നടത്തുന്നത് എന്നാണ്. പരസ്യമായല്ലെങ്കിലും ചില ബിജെപി നേതാക്കളും ഭൂരിഭാഗം അണികളും ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്. സത്യത്തില്‍ എന്താണ് എണ്ണവിലയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ യഥാര്‍ഥ്യം. നമുക്കൊന്ന് പരിശോധിക്കാം.
 
2002 ഏപ്രിലില്‍ അന്താരാഷ്ട്രവിപണിയില്‍ ബാരലിന് 51 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന് 28.27 രൂപയും ഡീസലിന് 18.35 രുപയുമായിരുന്നു. 2008ല്‍  അന്താരാഷ്ട്രവിപണിയില്‍ 148 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ ഡീസലിന് 38.50 രൂപയും പെട്രോളിന് 53.49 രൂപയുമായിരുന്നു ഇന്ത്യയിലെവില.ഇപ്പോള്‍ 44 ഡോളറാണ് വില. എന്നാല്‍  58.91രൂപയാണ് പെട്രോളിന് ഇപ്പോള്‍ ഡല്‍ഹിയില്‍ ഇടാക്കുന്നത്. ഡീസലിന് 48.26 രൂപയും. ഇക്കാര്യമാണ് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
 
ഇതില്‍ കാര്യമില്ലാതില്ല. അന്ന് വിലനിയന്ത്രണം എണ്ണക്കമ്പനികള്‍ക്കല്ലായിരുന്നു, സര്‍ക്കാരിനായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി വിലനിയന്ത്രണാവകാശം ഇപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറിയിരിക്കുകയാണ്. യു‌പി‌എ സര്‍ക്കാര്‍ പെട്രോള്‍ വില നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയപ്പോള്‍ മോഡി സര്‍ക്കാര്‍ ഡീസലിന്റെ അധികാരവും കൈമാറി. കൂടാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇവയ്ക്കുമേല്‍ വില്‍പ്പന നികുതി, സെസ് തുടങ്ങിയവ ചുമത്തുന്നുമുണ്ട്. അപ്പോള്‍ 2002ല്‍ നിന്നും 2008വരെ പെട്രോള്‍ വില ഉയര്‍ത്തിയതില്‍ കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഒരു പോലെ പങ്കുണ്ട്. കാരണം അന്നു വില നിയന്ത്രണം സര്‍ക്കാരിനായിരുന്നു.
 
സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 29.92 ശതമാനവും(ഏകദേശം 20 രൂപ) ഡീസലിന് 23.1 ശതമാനവും വില്‍പ്പന നികുതി ഈടാക്കുന്നുണ്ട്. ഒരു ശതമാനം സെസ് കൂടാതെയാണിത്. കേന്ദ്രം ഇത് നാലാം തവണയാണ് നികുതി വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ പെട്രോളിന് 8.95 രൂപയും ഡീസലിന് 7.96 രുപയുമാണ് കേന്ദ്രം പിടിയ്ക്കുന്നത്. അതിനാലാണ് വില ഇത്രയും അധികമായി നമുക്ക് തോന്നുന്നത്. അല്ലാതെ വിലനിയന്ത്രണാധികാരത്തിന്റെ മറവില്‍ കൊള്ളലാഭമൊന്നും എണ്ണക്കമ്പനികള്‍ക്ക് കിട്ടുന്നില്ല. നികുതിയാണ് ഭൂരിഭാഗവും.
 
ഇനി മോഡിസര്‍ക്കാരിന്റെയും ബിജെപിയുടെയും ചിന്തകളിലേക്ക് പോകാം. അഞ്ചുവര്‍ഷത്തിനു ശേഷം രാജ്യത്തിന്റെ പുരോഗതിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി താന്‍ ജനങ്ങള്‍ക്കിടയിലേക്ക് വരുമെന്നാണ് മോഡി പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് പറഞ്ഞ വാക്കുകളായ ജോലി, വൈദ്യുതി, റോഡ്, റെയില്‍ തുടങ്ങിയ ഭൌതിക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തലിനേയാണ് മോഡി ലക്ഷ്യമിട്ടിരിക്കുന്നത്. മോഡിസര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍ക്ക് ലക്ഷം കോഡികളുടെ പണമ്ം വേണം. അതിനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നികുതി കൂട്ടി പൊതുജനത്തിനെ ദ്രോഹിക്കുന്നത്. 
 
                                                മോഡിയെന്തിനിങ്ങനെ ചെയ്യുന്നു.......? അടുത്ത പേജില്‍ വായിക്കിക
ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയാണ് രാജ്യത്തിന്റെ വികസനത്തെ പിറകോട്ടു വലിക്കുന്നതെന്ന് ഉറച്ച് ചിന്തിക്കുന്ന നേതാവ് മോഡി. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് 15000കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനുള്ള സ്വപ്‌നപദ്ധതിയ്ക്ക് പണം കൂട്ടുകയാണ് സര്‍ക്കാര്‍. അതിനാണ് ഈ നികുതി വര്‍ദ്ധനവൊക്കെ. രാജ്യത്തെ ധനകമ്മി ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൊത്ത വരുമാനത്തിന്റെ 4.1 ശതമാനമാണ് ഇപ്പോള്‍ ധനകമ്മി. കൂടാതെ ഈ സാമ്പത്തിക വര്‍ഷം നികുതി വരുമാനത്തില്‍ ഒരു ലക്ഷം കോടി രൂപയോളം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 
 
ഇത് കാരണം നികുതി വര്‍ദ്ധനവ് നടപ്പിലാക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി എണ്ണവില ഇടിയാന്‍ തുടങ്ങുന്നത്. അതോടെ മ്താല്‍കാലികമായി വരുമാനമാര്‍ഗമായി സര്‍ക്കാര്‍ എണ്ണവിലയെ കാണുകായായിരുന്നു. കഴിഞ്ഞ ദിവസത്തെ നികുതി വര്‍ധനയിലൂടെ മാത്രം എന്‍ഡിഎ സര്‍ക്കാര്‍ ഖജനാവിലെത്തിക്കുന്നത് ഏഴായിരം കോടിയോളം രൂപയാണ് എന്ന് നിങ്ങള്‍ മനസിലാക്കാണം. ഇനി സര്‍ക്കാര്‍ എണ്ണവില കുത്തനെ കുറയാന്‍ സമ്മതിക്കുകയാണെന്ന് തന്നെ ഇരിക്കട്ടെ.പെട്ടെന്ന് എണ്ണയുടെ വില കുറയ്ക്കുന്നത് ഈ മേഖലയിലെ കമ്പനികളെ ഏറെ പ്രതികൂലമായി ബാധിക്കും. ഇതോടെ ഓഹരി വിപണിയും താഴോട്ടു പോരും. 
 
ഇപ്പോഴത്തെ ധനക്കമ്മി അതേപോലെ തന്നെ തുടരും.  തീര്‍ച്ചയായും അടുത്ത ബജറ്റില്‍ ജനക്ഷേമകാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇതു തടസ്സമാകും. അപ്പോള്‍ എണ്ണവിലകുറയ്ക്കാന്‍ മുറവിളികൂട്ടൂന്ന പ്രതിപക്ഷം അപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. അതിനാല്‍ ഇപ്പോഴത്തെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാണ് മോഡി ടീമിന്റെ തീരുമാനം. ധനകമ്മിയെയും പണപ്പെരുപ്പത്തെയും പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. കൂടാതെ വന്‍തോതില്‍ വിലയില്‍ കുറവ് വരുത്തുന്നത് സംസ്ഥാന സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനുമുള്ള വരുമാനത്തില്‍ ഭീകരമായ കുറവുണ്ടാകും. ഇന്ത്യയില്‍ ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് മൂന്നു കോടി ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നുണ്ട്. കേരളത്തിലാകട്ടെ ഒരു ദിവസം 20 ലക്ഷം ലിറ്റര്‍ പെട്രോളും 40 ലക്ഷം ലിറ്റര്‍ ഡീസലും വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. 

               മോഡിയും ഉമ്മന്‍ ചാണ്ടിയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്... തുടര്‍ന്ന് വായിക്കുക
 
 
നമ്മുടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ആരുമറിയാതെ നികുതി കൂട്ടുന്നത് സംസ്ഥാനത്തെ സാമ്പത്തികപ്രയാസം കാരണമാണ് എന്ന് ഇപ്പോള്‍ മനസിലായില്ലേ. കോടികളാണ് സര്‍ക്കാരിന് ഇതിലൂടെ വരുമാനമായി ലഭിക്കുന്നത്. ഇപ്പോഴത്തെ വിലയനുസരിച്ച് ഏറ്റവും ചുരുങ്ങിയത് ഏഴര രൂപയുടെ കുറവെങ്കിലും വരുത്തേണ്ടതായിരുന്നു. അതിനു പകരം നാമാത്രമായ തുകയാണ് കുറവ് വരുത്തിയത്. അതുകൊണ്ട് ബജറ്റ് വരെ ഈ രീതിയില്‍ പോവുകയെന്ന തന്ത്രമായിരിക്കും ഇരുസര്‍ക്കാരുകളും സ്വീകരിക്കുക.
 
രാജ്യത്തെ എണ്ണവിപണി ഇപ്പോഴും നിയന്ത്രിക്കുന്നത് കേന്ദ്രം തന്നെയാണ്. എണ്ണവിപണിയുടെ സിംഹഭാഗവും ഇപ്പോഴും നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ കമ്പനികള്‍ തന്നെയാണ്. അപ്പോള്‍ ലാഭമുണ്ടാക്കുന്നുവെന്ന് പറയുന്നത് സര്‍ക്കാറിനു തന്നെയാണ് കിട്ടുന്നത്. ഇപ്പോള്‍ പെട്രോളിന് 58 പൈസയും ഡീസലിന് 75 പൈസയുമാണ് കമ്പനികള്‍ക്ക് അധികം ലഭിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ കമ്പനികളില്‍ നിന്നും 7000 കോടിയുടെ അധികവരുമാനം കേന്ദ്രസര്‍ക്കാരിന് വേറെയും ലഭിക്കും. കാരണം രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളായ എച്ച് പി സി എല്‍ ‍, ഐ ഒ സി, ബി പി സി എല്‍ എന്നീ മൂന്നു പ്രധാനകമ്പനികളും സര്‍ക്കാരിന്റേതാണ് എന്നതുതന്നെ കാരണം.
 
ഇനി നമ്മുടെ നാട്ടുകാരുടെ സ്വഭാവം കൂടി കണക്കിലെടുക്കേണ്ടി വരും. പെട്രോളിന്റെ പണം ഇത്രയാണെന്ന് ജനങ്ങള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞതാണ്. അതില്‍ അന്താരാഷ്‌ട്രവിപണിക്കനുസരിച്ച് ചെറിയ ചെറിയ കുറവുകള്‍ വരുത്തുന്നുണ്ട്. വന്‍തോതില്‍ കുറവ് വരുത്തുന്നത് സാമ്പത്തികമായും രാഷ്‌ട്രീയമായും സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കും. അന്താരാഷ്‌ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില റോക്കറ്റു പോലെ കുതിച്ചുയര്‍ന്നാല്‍ അതേ വേഗതയില്‍ നമുക്ക് വര്‍ദ്ധിപ്പിക്കാനാവില്ല. അവിടെ ഈ അധികരിച്ച നികുതികള്‍ പരിച പോലെ പ്രവര്‍ത്തിക്കും. അധികമായി ഉയരുമ്പോള്‍ അധികരിച്ച നികുതികള്‍ പിന്‍വലിക്കുകയെന്ന തന്ത്രം. പ്രത്യക്ഷത്തില്‍ വില വര്‍ദ്ധന പെട്ടെന്ന് ജനങ്ങളിലെത്തില്ല.
 
ഇനി ബിജെപി പറയുന്നത് കൂടി നോക്കാം. വില ഈ നിലയില്‍ എത്തിച്ചത് ഇത്രയും കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് അവരുടെ വാദം. അധികം ലഭിക്കുന്ന നികുതി പണം റോഡുകള്‍ ‍, ബസ്സുകള്‍ ‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നീ അടിസ്ഥാനകാര്യങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. അതിനുവേണ്ടിയുള്ള ഫണ്ട് സമാഹരിക്കുന്നതിനാണ് ഈ പണം മാറ്റി വെച്ചിട്ടുള്ളത്. ജനങ്ങളുടെ പണം ജനങ്ങള്‍ക്കു തന്നെ നേരിട്ടു നല്‍കുന്നു. അധികനികുതി വരുമാനത്തിലൂടെ ഏറ്റവും ചുരുങ്ങിയത് 30000 കോടി രൂപയെങ്കിലും ഖജനാവിലെത്തും. കൂടാതെ സര്‍ക്കാര്‍ കമ്പനികളുടെ ലാഭത്തിന്റെ വിഹിതവും.

 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.