ഛത്തീസ്ഗഡില്‍ പ്രസവം നിര്‍ത്താല്‍ ശസ്ത്രക്രിയക്കിടെ 13 സ്ത്രീകള്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ ഒഡീഷയില്‍നിന്ന് സര്‍കാര്‍ അനാസ്ഥയുടെ പുതിയ വാര്‍ത്ത പുറത്തുവന്നു. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപയോഗിച്ചത് സൈക്കിള്‍ ടയറുകളില്‍ കാറ്റുനിറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഹാന്‍ഡ് പമ്പ്!
അംഗുല്‍ ജില്ലയിലെ ബാനാര്‍പാല്‍ ഗ്രാമത്തിലെ മഹേഷ് പ്രസാദ് റൗട്ട് എന്ന ഡോക്ടറാണ് ഒരു ക്യാമ്പില്‍വെച്ച് 56 സ്ത്രീകളെ ഇത്തരത്തില്‍ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്. സാധാരണനിലയില്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന സ്ത്രീകളുടെ അടിവയര്‍ വികസിക്കാന്‍ ഇന്‍സഫ്ലേറ്ററുകള്‍ ഉപയോഗിച്ച് കാര്‍ബണ്‍ ഡയോക്‌സൈഡ് നിറയ്ക്കുകയാണ് പതിവ്. ഇതിന് പകരമാണ് ഈ ഡോക്ടര്‍ സാധാരണ സൈക്കിള്‍ പമ്പ് ഉപയോഗിച്ച് സ്ത്രീകളുടെ അടിവയറ്റിലേയ്ക്ക് വായു അടിച്ചുകയറ്റുന്നത്.
സംഭവന്‍ വിവാദമായതോടെ ആശുപത്രി ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംഭവത്തേപ്പറ്റി സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ആരതി അഹുജ അംഗുല്‍ ജില്ലാ കളക്ടറോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ പുഠുമയൊന്നുമില്ലെന്നാണ് ശസ്ത്ജ്രക്രിയ നടത്തിയ ഡോക്ടര്‍ പറയുന്നത്. വിലപിടിച്ച ഇന്‍സഫ്ലേറ്ററുകള്‍ ലഭ്യമല്ലാത്തതിനാലാണ് ഡോക്ടര്‍മാര്‍ക്ക് സൈക്കിള്‍ പമ്പുകള്‍ ഉപയോഗിക്കേണ്ടി വരുന്നതെന്നും വായു കയറ്റും മുന്‍പ് പമ്പിന്റെ പൈപ്പും നോസിലും അണുവിമുക്തമാക്കാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് ഇത്തരത്തില്‍ അറുപതിനായിരത്തിലേറെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തിയ ഡോ. റൗട്ട് ഈ നേട്ടത്തിന് രണ്ടു തവണ മുഖ്യമന്ത്രി നീവന്‍ പട്‌നായിക്കില്‍ നിന്ന് അവാര്‍ഡും വാങ്ങിയിട്ടുണ്ട്.