മഹാരാഷ്ട്ര സദന്‍ അഴിമതി, കലിന ഭൂമി തട്ടിപ്പ്; എൻ സി പി നേതാവ് അറസ്റ്റില്‍

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2016 (12:05 IST)
മഹാരാഷ്‌ട്ര സദൻ അഴിമതി, കലിന ഭൂമി തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും നാഷ‌ണൽ കോൺഗ്രസ് പാർട്ടി(എൻ സി പി) നേതവുമായ ഛഗൻ ഭുജ്ബാൽ അറസ്റ്റിൽ. മഹാരാഷ്ട്ര സദന്‍ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും അതില്‍ ഭുജ്പാലിനും കുടുംബത്തിനും വ്യക്തമായ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ മുംബൈ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഛഗൻ ഭുജ്ബാലിനെ അറസ്റ്റ് ചെയ്തത്.
 
മഹാരഷ്‌ട്ര സദൻ അഴിമതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്നിന് ഛഗന്‍ ഭുജ്ബാലിന്റെ സഹോദരീപുത്രനായ സമീര്‍ ഭുജ്ബാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. സദൻ അഴിമതിക്കു പുറമെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിൽ ഛഗന്‍ ഭുജ്ബാലിന്റെ പേരിലുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
 
കള്ളപ്പണ നിരോധന നിയമപ്രകാരം മഹാരാഷ്‌ട്ര സദൻ അഴിമതി,കലിന ഭൂമി തട്ടിപ്പ് എന്നിവയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകളാണ് ഭുജ്ബാലിനെതിരെ ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവിൽ ഛഗന്‍ ഭുജ്ബാലിന്റെ പേരില്‍ ചുമത്തപ്പെട്ടിരിക്കുന്ന കേസുകളിൽ ഭൂരിഭാഗവും എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലാണ്. ഭുജ്ബാല്‍ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചുനല്‍കിയ കരാറുകളും പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.