നോട്ടുമാറാനുള്ള ക്യൂവിൽ മുൻകാമുകി; നോട്ടിനു പകരം യുവാവിന് കിട്ടിയത് അപ്രതീക്ഷിത “സമ്മാനം” !

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (15:14 IST)
നോട്ടിനു ക്യൂ നിന്നവർ പ്രണയബദ്ധരായെന്നും ആ പ്രണയം വിവാഹത്തിൽവരെയെത്തിയെന്ന തരത്തിലുള്ള പല തമാശകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. എന്നാൽ വേറിട്ടൊരു അനുഭവമാണ് നാസിക് സ്വദേശിയായ യുവാവിനുണ്ടായത്.
 
നോട്ടു മാറുന്നതിനായി ക്യൂവിൽ നിൽക്കവെ പൂര്‍വ കാമുകിയുടെ കണ്ണിൽപെട്ടതോടെയാണ് യുവാവിന്റെ തടികേടായത്. ബാങ്കില്‍ നിന്ന് പണം ലഭിച്ചില്ലെന്നു മാത്രമല്ല പഴയ കാമുകിയുടെ ബന്ധുക്കളുടെ കയ്യില്‍ നിന്നും സാമാന്യം ഭേദപ്പെട്ട രീതിയില്‍ അടിയും കിട്ടി.
 
നാസികിലെ ത്രിമ്പക് റോഡിലുള്ള ബാങ്കിലെ ക്യൂവില്‍ നിന്ന മുപ്പത്തഞ്ചുകാരനായ യുവാവിനാണ് ഈ ‘ദുർവിധി’. ക്യൂവിലുണ്ടായിരുന്ന ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് നാലുകൊല്ലം മുമ്പ് തന്നെ വഞ്ചിച്ചു കടന്നുകളഞ്ഞ യുവാവിനെ തിരിച്ചറിയുകയും വീട്ടുകാരെ വിവരം ധരിപ്പിക്കുകയും ചെയ്തത്.
 
തുടര്‍ന്ന് യുവതിയുടെ പിതാവും സഹോദരനും ബാങ്കില്‍ എത്തുകയും നാട്ടുകാരുടെയും ബാങ്ക് ജീവനക്കാരുടെയും കൺമുന്നില്‍ വെച്ച് യുവാവിനെ മര്‍ദിക്കുകയുമായിരുന്നു. യുവാവിനെ ഗുരുതര പരുക്കുകളോടെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Article