ഉധംപൂരിൽ വീണ്ടും ഭീകരാക്രമണം: പൊലീസുകാര്‍ക്ക് പരുക്ക്, അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2015 (08:09 IST)
ജമ്മു കാശ്‌മീരിലെ ഉധംപൂർ ജില്ലയിൽ പൊലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പുഞ്ചിലെ ഔട്ട് പോസ്‌റ്റില്‍ പാക് പ്രകോപനം വെടിവെപ്പ് തുടരുകയാണ്.

ബസന്ത്ഗഡിലെ പൊലീസ് പോസ്റ്റിന് നേരെയാണ് രാത്രി 9.15ന് ആക്രമണമുണ്ടായത്. ആറ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സൈന്യം പ്രദേശത്തേക്ക് എത്തുന്നുണ്ട്. ഉധംപൂരില്‍ 48 മണിക്കൂറിനിടയിലെ രണ്ടാമത്തെ ആക്രമണമാണിത്. ഉധംപൂരിലെ ആക്രമണത്തിന് പിന്നാലെ പുഞ്ചിലെ ഔട്ട് പോസ്‌റ്റില്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തി. മോട്ടറുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.

ഉധംപൂരിൽ ബുധനാഴ്ച ബി.എസ്.എഫിന്രെ വാഹനവ്യൂഹത്തിനു നേരെ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ബി.എസ്.എഫിന്രെ പ്രത്യാക്രണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ഒരു ഭീകരനെ നാട്ടുകാർ പിടികൂടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രാത്രിയിൽ വീണ്ടും ആക്രണമുണ്ടായത്.