ഭീകരാക്രമണത്തിന് ഉചിതമായ മറുപടിയുണ്ടാകും: രാജ്‌നാഥ് സിംഗ്

Webdunia
ശനി, 2 ജനുവരി 2016 (11:51 IST)
പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാനടക്കമുള്ള എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടി നല്‍കും. ഭീകരത ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളില്‍ അഭിമാനമുണ്ട്. പാകിസ്ഥാൻ നമ്മുടെ അയൽരാജ്യമാണ്. നമുക്ക് സമാധാനം വേണം. എന്നാൽ ഭീകരാക്രമണത്തിന് ഉചിതമായ മറുപടിയുണ്ടാകും. ഇന്ത്യൻ സൈന്യം ശക്തമായി ഇതിനോട് പ്രതികരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പത്താന്‍കോട്ടില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് ഭീകരാക്രമണമുണ്ടായത്. വ്യോമസേനയുടെ എയര്‍ബേസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടലില്‍  നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. പൊലീസിന്റെ വാഹനം തട്ടിയെടുത്ത് സൈനിക വേഷത്തില്‍ എത്തിയ ഭീകരര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.