മെസ്സഞ്ചര്‍ ഓഫ് ഗോഡ്: സെന്‍സര്‍ ബോര്‍ഡില്‍ കൂട്ടരാജി

Webdunia
ശനി, 17 ജനുവരി 2015 (09:06 IST)
കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ രാജിവെച്ചതിന് തൊട്ടു പിന്നാലെ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ കൂട്ട രാജി. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അനധികൃതമായി ഇടപെടുന്നെന്ന്‌ ആരോപിച്ചാണ്‌ 23 അംഗ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷ സ്‌ഥാനത്തുനിന്നു വിഖ്യാത നര്‍ത്തകി ലീലാ സാംസണ്‍, അംഗങ്ങളായ രാജീവ്‌ മസന്ദ്‌, ശുഭ്ര ഗുപ്‌ത, അഞ്‌ജും രാജബാലി, ഷാജി എന്‍. കരുണ്‍, എംകെ റെയ്‌ന, നിഖില്‍ ആല്‍വ, പങ്കജ്‌ ശര്‍മ എന്നിവരാണ് രാജിവച്ചത്.
 
ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ സിനിമ സെന്‍സര്‍ ബോര്‍ഡ് വിലക്കിയിരുന്നു. റാം റഹീം സിംഗിന്റെ ചിത്രം ‘മെസ്സഞ്ചര്‍ ഓഫ് ഗോഡ്’ ജനങ്ങള്‍ക്ക് കാണാന്‍ കൊള്ളുന്നതല്ലെന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍  എന്നാല്‍ ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ട്രൈബ്യൂണലില്‍ അപ്പീല്‍ പരിഗണിച്ച് ഇതിന് അനുമതി നല്‍കുകയും ചെയ്തു. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുണ്ട് എന്നാരോപിച്ചാണ് കൂട്ടരാജി നടന്നിരിക്കുന്നത്.
 
വിവാദങ്ങള്‍ക്കു കാരണമായ, ദേര സച്ച സൗദ തലവന്‍ ഗുര്‍മീത്‌ റാം റഹീം സിംഗ്‌ അഭിനയിക്കുന്ന ദി മെസഞ്ചര്‍ ഓഫ്‌ ഗോഡ്‌ എന്ന സിനിമയില്‍ ഗുര്‍മീത്‌ റാം തന്നെ ദൈവമായും സിഖ്‌ ഗുരുവായും അഭിനയിക്കുകയാണെന്നാരോപിച്ച്‌ പ്രമുഖ സിഖ്‌ സംഘടനകള്‍ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ സെന്‍സര്‍ ബോര്‍ഡ്‌ ചിത്രത്തിന്‌ പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ്‌ അനുമതി നിഷേധിച്ചാല്‍ സിനിമയുടെ നിര്‍മാതാവിന്‌ ട്രിബ്യൂണലിനെ സമീപിക്കാമെങ്കിലും ഇതിന്‌ ഒരു മാസം വരെ സമയമെടുക്കാറുണ്ടെന്നും 24 മണിക്കൂ റിനുളളില്‍ അനുമതി നല്‍കിയതിനു പിന്നില്‍ അവിഹിതമായ ഇടപെടല്‍ ഉണ്ടെന്നും ലീലാ സാംസണ്‍ ആരോപിച്ചു. ഇതാണ് രാജിക്ക് കാരണം.
 
ഒരു വര്‍ഷമായി ബോര്‍ഡ്‌ യോഗം ചേരാറില്ലെന്നതടക്കമുള്ള ആരോപണങ്ങളും അവര്‍ ഉന്നയിച്ചു. ഏപ്രിലില്‍ ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞെങ്കിലും പുതിയ നിയമനം ആകുന്നതുവരെ പുതിയ സര്‍ക്കാര്‍ നീട്ടി. അതോടൊപ്പം സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ഏറി. കൂടുതലായി നിയമിച്ച സിഇഒയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഈ സാഹചര്യത്തില്‍ രാജി വയ്‌ക്കുകയാണെന്നും അവര്‍ വ്യക്‌തമാക്കി. എന്നാല്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലും ഇടപെട്ടിട്ടില്ലെന്നും കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ വാര്‍ത്തയുണ്ടാക്കി പുറത്തുപോകാനുള്ള ശ്രമമാണു നടക്കുന്നതെന്നും വാര്‍ത്താ-വിതരണ വകുപ്പു സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്‌ പ്രതികരിച്ചു.
 
സര്‍ക്കാര്‍ ബോര്‍ഡംഗങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചതിനു തെളിവ്‌ തന്നാല്‍ നടപടി സ്വീകരിക്കാമെന്ന്‌ മന്ത്രി റാത്തോഡ്‌ പറഞ്ഞു. ട്രിബ്യൂണലില്‍ റിട്ടയേര്‍ഡ്‌ ജഡ്‌ജിയും അഭിഭാഷകനും പത്രപ്രവര്‍ത്തകനുമുണ്ട്‌. ഇവര്‍ കണ്ട ശേഷമാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. അനുമതി അന്തിമമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം റിലീസ്‌ സംഘര്‍ഷമുണ്ടാക്കുമെന്ന ആശങ്കയെത്തുടര്‍ന്ന്‌ ഹരിയാന, പഞ്ചാബ്‌, ഡല്‍ഹി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്‌. ദളിത്‌ സിഖ്‌ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരാധിക്കുന്ന ദേരയെ മുന്നാക്ക സിഖ്‌ സമുദായങ്ങള്‍ അംഗീകരിക്കുന്നില്ല. സിനിമയ്‌ക്കെതിരെ അകാലിദള്‍, ഐഎന്‍എല്‍ഡി അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടീകള്‍ പ്രകടനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.